ഇത് രണ്ടാം തവണ: നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം

അഭിറാം മനോഹർ| Last Updated: ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (13:28 IST)
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ വെടിക്കെട്ട് അർധസെഞ്ചുറിയോടെ രാജസ്ഥാൻ റോയൽസിന്റെ മലയാളി താരം സഞ്ജു സാംസൺ സ്വന്തമാക്കിയത് അപൂർവ്വ റെക്കോഡ്. മത്സരത്തിൽ മൂന്നാമനായി ഇറങ്ങിയ സഞ്ജു വെറും 32 പന്തിലാണ് 74 റൺസ് അടിച്ചെടുത്തത്. പത്ത് തവണ പന്ത് അതിർത്തികടത്തിയപ്പോൾ അതിൽ 9 എണ്ണവും സിക്‌സറുകളായിരുന്നു. ഇതോടെ ഐപിഎല്ലിൽ രണ്ട് തവണ ഒമ്പതോ അതിലധികമോ സിക്‌സറുകൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡ് സഞ്ജു സ്വന്തമാക്കി.

രോഹിത് ശര്‍മ്മ, എം എസ് ധോണി, ഹര്‍ദിക് പാണ്ഡ്യ തുടങ്ങിയ വെടിക്കെട്ട് വീരന്‍മാര്‍ക്ക് പോലും സാധിക്കാത്ത നേട്ടമാണ് സഞ്ജു സ്വന്തം പേരിൽ ചേർത്തത്.റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 2018ല്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സഞ്ജു 10 സിക്‌സുകള്‍ പറത്തിയിരുന്നു 204 സ്ട്രൈക്ക് റേറ്റോടെ 92 റൺസാണ് അന്ന് സഞ്ജു സ്വന്തമാക്കിയത്. അതേസമയം ഇന്നലെ നടന്ന മത്സരത്തിൽ വെറും 19 പന്തിലാണ് സഞ്ജു അർധസെഞ്ചുറി തികച്ചത്.

ചെന്നൈക്കെതിരായ മത്സരത്തിൽ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് സഞ്ജുവാണ്. അത് മാത്രമല്ല ആകെ വിതരണം ചെയ്‌ത അഞ്ച് പുരസ്‌കാരങ്ങളിൽ നാലും സഞ്ജു സ്വന്തമാക്കി. മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരത്തിന് പുറമേ ഗെയിം ചേഞ്ചര്‍, സൂപ്പര്‍ സ്‌ട്രൈക്കര്‍, ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയതിനുള്ള പുരസ്‌കാരം എന്നിവയാണ് സഞ്ജു സ്വന്തമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :