അഭിറാം മനോഹർ|
Last Modified ചൊവ്വ, 13 ഏപ്രില്‍ 2021 (12:27 IST)
ഐപിഎല്ലിൽ നായകനായുള്ള ആദ്യ മത്സരം അവിസ്‌മരണീയമാക്കിയതോടെ രാജസ്ഥാൻ നായകൻ സഞ്ജു സാംസണിനെ തേടി പുത്തൻ റെക്കോർഡ്. ഐപിഎല്ലിൽ ക്യാപ്‌റ്റനായി അരങ്ങേറുന്ന മത്സരത്തിൽ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടത്തിന് പുറമെ ഐപിഎല്ലിലെ എലൈറ്റ് ലിസ്റ്റിലും ഇടം നേടിയിരിക്കുകയാണ് മലയാളി താരം.
ഐപിഎല്ലില്‍ മൂന്നോ അതിലധികമോ സെഞ്ചുറി നേടിയ താരങ്ങളുടെ എലൈറ്റ് പട്ടികയിലാണ് താരം ഇടം നേടിയത്. ആറ് ശതകങ്ങളുമായി പഞ്ചാബ് കിംഗ്‌സിന്‍റെ വിന്‍ഡീസ് വെടിക്കെട്ടുവീരന്‍ ക്രിസ് ഗെയ്‌ലാണ് പട്ടികയില്‍ മുന്നില്‍. ആര്‍സിബി നായകൻ വിരാട് കോലി 5 സെഞ്ചുറികളുമായി രണ്ടാം സ്ഥാനത്തുണ്ട്.
വിവിധ ടീമുകള്‍ക്കായി കളിച്ചിട്ടുള്ള ഓസ്‌ട്രേലിയന്‍ മുന്‍താരം ഷെയ്‌ന്‍ വാട്‌സണും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകൻ ഡേവിഡ് വാർണറുമാണ് നാല് സെഞ്ചുറികളുമായി മൂന്നാമതുള്ളത്. ആർസിബിയുടെ സൂപ്പർതാരം ഡിവില്ലിയേഴ്‌സിനൊപ്പം ലിസ്റ്റിൽ നാലാമതാണ് സഞ്ജു.
അതേസമയം റണ്‍സ് ചേസ് ചെയ്യുമ്പോള്‍ രണ്ടാമത്തെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറില്‍ വീരേന്ദര്‍ സെവാഗിന്‍റെ
നേട്ടത്തിനൊപ്പമെത്താനും സഞ്ജുവിനായി. 2011ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരെയായിരുന്നു സെവാഗിന്റെ നേട്ടം. ഇതേ സീസണിൽ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ പഞ്ചാബിനായി പുറത്താകാതെ 120 റണ്‍സ് നേടിയ പോള്‍ വാല്‍ത്താട്ടിയാണ് ഇരുവർക്കും മുന്നിലുള്ളത്.