'ആ മണ്ടത്തരത്തിന് വലിയ വില കൊടുക്കേണ്ടിവന്നു'; തെവാത്തിയയുടെ ബാറ്റിന്റെ ചൂടറിഞ്ഞ് ഒഡിയന്‍ സ്മിത്ത്

രേണുക വേണു| Last Modified ശനി, 9 ഏപ്രില്‍ 2022 (08:53 IST)

ഐപിഎല്ലില്‍ ഏറ്റവും ത്രില്ലിങ് ആയ മത്സരമായിരുന്നു വെള്ളിയാഴ്ച നടന്നത്. രാഹുല്‍ തെവാത്തിയയുടെ മാജിക്കില്‍ പഞ്ചാബ് കിങ്‌സിനെ ആറു വിക്കറ്റിനാണ് ഗുജറാത്ത് ടൈറ്റന്‍സ് തോല്‍പ്പിച്ചത്. പഞ്ചാബ് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് ടൈറ്റന്‍സ് അവസാന രണ്ട് പന്തുകളും സിക്‌സറിന് പറത്തിയ തെവാത്തിയയുടെ മികവിലാണ് വിജയം സ്വന്തമാക്കിയത്.

പഞ്ചാബ് കിങ്‌സിന് വേണ്ടി അവസാന ഓവര്‍ എറിഞ്ഞത് ഒഡിയന്‍ സ്മിത്താണ്. അവസാന ഓവറില്‍ ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 19 റണ്‍സും. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വിക്കറ്റ് നഷ്ടമായതിനു പിന്നാലെയാണ് തെവാത്തിയ ക്രീസിലെത്തിയത്. മറുവശത്ത് ഡേവിഡ് മില്ലറും. അവസാന മൂന്ന് പന്തില്‍ ജയിക്കാന്‍ 13 റണ്‍സ് എന്ന നിലയിലെത്തിയതാണ്. ഡേവിഡ് മില്ലറായിരുന്നു അപ്പോള്‍ സ്‌ട്രൈക് ചെയ്തിരുന്നത്.

അവസാന ഓവറിലെ നാലാം പന്തില്‍ മില്ലര്‍ ഷോട്ടിനായി ശ്രമിച്ചു. പക്ഷേ, പന്ത് കൃത്യമായി ബൗളര്‍ ഒഡിയന്‍ സ്മിത്തിന്റെ കൈകളില്‍. ആ പന്ത് കൈകളില്‍ തന്നെ വച്ചിരുന്നെങ്കില്‍ മത്സരത്തിന്റെ ഗതി മറ്റൊന്നാകുമായിരുന്നു. നോണ്‍ സ്‌ട്രൈക് എന്‍ഡിലുണ്ടായിരുന്ന രാഹുല്‍ തെവാത്തിയ ക്രീസിന് പുറത്താണെന്ന് തോന്നി വിക്കറ്റിലേക്ക് പന്ത് എറിഞ്ഞുനോക്കിയ സ്മിത്തിന് പിഴച്ചു. ഓവര്‍ ത്രോയിലൂടെ ഗുജറാത്ത് ഒരു റണ്‍സ് സ്വന്തമാക്കി. തെവാത്തിയയ്ക്ക് സ്‌ട്രൈക്കും കിട്ടി. പിന്നീട് രണ്ട് പന്തില്‍ ജയിക്കാന്‍ 12 റണ്‍സ് എന്ന നിലയായി. അവസാന രണ്ട് പന്തും സിക്‌സര്‍ പറത്തി തെവാത്തിയ ഗുജറാത്തിനെ വിജയത്തിലെത്തിച്ചു. നാലാം പന്തില്‍ ഒവര്‍ ത്രോയിലൂടെ സിംഗിള്‍ പോയില്ലായിരുന്നെങ്കില്‍ അവസാന രണ്ട് പന്ത് സിക്‌സ് അടിച്ചാലും മത്സരം സമനിലയിലാകുമായിരുന്നു. അതിനുള്ള അവസരമാണ് സ്മിത്ത് കളഞ്ഞുകുളിച്ചത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :