പ്രതിഷേധം വകവെയ്ക്കാതെ ഉത്തര കൊറിയ; ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു

ഹ്രസ്വദൂര മിസൈലുകളുടെ വന്‍ ശേഖരം ഉത്തരകൊറിയയുടെ പക്കലുണ്ട്‌

സോൾ, ഉത്തര കൊറിയ, ബാലിസ്റ്റിക് മിസൈല്‍, റഷ്യ zole, south korea, balistic misile, russia
സോൾ| Sajith| Last Updated: വെള്ളി, 11 മാര്‍ച്ച് 2016 (12:39 IST)
അണ്വായുധ ഭീഷണിക്കെതിരെ ഉയരുന്ന പ്രതിഷേധത്തെ തരിമ്പും വകവയ്ക്കാതെ ഉത്തരകൊറിയ വീണ്ടും മിസൈലുകള്‍ പരീക്ഷിച്ചു. 500 കിലോമീറ്റര്‍ ആക്രമണപരിധിയുള്ള രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക്ക് മിസൈലുകളാണ് പരീക്ഷിച്ചത്. ഇതിനെതിരെ ജപ്പാൻ ബെയ്ജിങ്ങിലെ ഉത്തരകൊറിയയുടെ നയതന്ത്രകാര്യാലയത്തെ പ്രതിഷേധം അറിയിച്ചു.

ദക്ഷിണകൊറിയയുമായുള്ള എല്ലാ വാണിജ്യ സഹകരണ പദ്ധതികളും റദ്ദാക്കുമെന്നും തങ്ങളുടെ അധീനതയിലുള്ള ദക്ഷിണകൊറിയയുടെ സ്വത്തുക്കൾ വിറ്റഴിക്കുകയോ ഏറ്റെടുക്കുകയോ ചെയ്യുമെന്നും ഉത്തരകൊറിയ പ്രഖ്യാപിച്ചു. ദക്ഷിണകൊറിയയും യുഎസും സംയുക്ത സൈനികാഭ്യാസം നടത്തിയതിൽ പ്രകോപിതരായ ഉത്തരകൊറിയ കഴിഞ്ഞ ദിവസം ഇരുരാജ്യങ്ങൾക്കുമെതിരെ അണ്വായുധം പ്രയോഗിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു.

ആണവശക്തിയായ ഉത്തര കൊറിയയുടെ കൈവശം നിരവധി ഹ്രസ്വദൂര മിസൈലുകളുണ്ട്. ദീര്‍ഘദൂര മിസൈലുകളുടെ വികസനത്തിലും വ്യാപൃതരാണവര്‍. റഷ്യയുടെ സ്കഡ് മിസൈലുകളെ അനുസ്മരിപ്പിക്കുന്ന ഈ മിസൈലുകളുടെ വിക്ഷേപണം യുഎൻ രക്ഷാസമിതി പ്രമേയങ്ങളുടെ അന്തസ്സത്തയ്ക്ക് എതിരാണെന്നു ദക്ഷിണകൊറിയ ആരോപിച്ചു.

ആണവായുധ പ്രയോഗം സംബന്ധിച്ച് അന്താരാഷ്ട്ര സമൂഹത്തിന്റെ യാതൊരു നിയന്ത്രണങ്ങള്‍ക്കും ഇതുവരെ വിധേയമായിട്ടില്ല. ഇതിനിടെ, കൊറിയയിലെ സാഹചര്യം വളരെ സങ്കീർണമാണെന്നു ചൈന അഭിപ്രായപ്പെട്ടു. ഇരുവിഭാഗങ്ങളും പ്രകോപനപരമായ വാക്കുകളും പ്രവൃത്തികളും അവസാനിപ്പിക്കണമെന്നു വിദേശമന്ത്രാലയം വക്താവ് ഹോങ് ലീ പറഞ്ഞു. ഉത്തര കൊറിയയുടെ സൈനിക നീക്കങ്ങളെ ചൈന വിമര്‍ശിക്കുന്നുണ്ടെങ്കിലും പരോക്ഷമായി പിന്തുണക്കുന്നുണ്ടെന്നും ആരോപണവും ഉയര്‍ന്നു വന്നിട്ടുണ്ട്.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :