സൌദിയുടെ വ്യോമാക്രമണം പാളി, യമനില്‍ വിമതരുടെ മുന്നേറ്റം

ഏദന്‍| VISHNU N L| Last Modified തിങ്കള്‍, 6 ഏപ്രില്‍ 2015 (09:29 IST)
സംഘര്‍ഷം കനത്ത യമനില്‍ ഷിയാ വിമത സായുധ സംഘമായ ഹൂതികള്‍ മുന്നേറ്റം ശക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍. സൌദി വ്യോമാക്രമണം ശക്തമാക്കിയിട്ടുപോലും വിമതര്‍ മുന്നേറ്റം ശക്തമാക്കിയത് ആസന്നമായ കരയുദ്ധത്തിന്റെ സാധ്യത കൂട്ടും. യമനിലെ സ്ഥിതി തീര്‍ത്തും പരിതാപകരമായ സാഹചര്യത്തില്‍ ഐക്യരാഷ്ട്രസഭയും റെഡ്‌ക്രോസ്സും വെടിനിര്‍ത്തലിനുള്ള ആവശ്യം ഉന്നയിച്ചു. ഈ ആവശ്യം പരിഗണിച്ച് ഒരുദിവസം വെടിനിര്‍ത്തല്‍ കൊണ്ടുവന്നെങ്കിലും അധിക നേരം അത് പ്രാവര്‍ത്തികമായില്ല.

അതിനിടെ ഏദനിലെ മൗല്ലയില്‍ പ്രവിശ്യാ ഭരണകൂടത്തിന്റെ ആസ്ഥാനം ഹൂതി വിമതര്‍ പിടിച്ചെടുത്തു എന്നാണ് വിവരം. ജനവാസകേന്ദ്രത്തില്‍ വിമതരുടെ ബോംബാക്രമണത്തെത്തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ കത്തിച്ചാമ്പലായി. ആക്രമണം
രൂക്ഷമായതിനെത്തുടര്‍ന്ന് തുറമുഖ നഗരമായ ഏദനില്‍നിന്ന് നിരവധി കുടുംബങ്ങള്‍ പലായനം ചെയ്തു. പോരാട്ടം കനത്തതിനുശേഷം ഏദനില്‍ ഇതുവരെയായി 185 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ നഗരമായ ലോദറിലും അബ്യന്‍ പ്രവിശ്യയിലും ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ 21 ഹൂതികളും കൊല്ലപ്പെട്ടു.

തലസ്ഥാനമായ സനയിലും സദയിലും വിമതരെ തുരത്താന്‍ സഖ്യ രാഷ്ട്രങ്ങള്‍ നടത്തുന്ന ബോംബാക്രമണം തുടരുകയാണ്. ഷിയാ ഹൂതികളുടെ നിയന്ത്രണത്തിലുള്ള മേഖലകളില്‍ രാത്രിയാണ് ബോംബാക്രമണവും തിരച്ചിലും ശക്തമാക്കിയിട്ടുള്ളത്. പതിനൊന്ന് ദിവസമായി തുടരുന്ന യെമനിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയുള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ ശ്രമം തുടങ്ങി. യെമനിലെ സ്ഥിതി അത്യന്തം ദാരുണമാണെന്ന് റെഡ്‌ക്രോസ്സും അഭിപ്രായപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :