യമന്‍ സംഘര്‍ഷം: ഏദനിലെ ഇന്ത്യയുടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി

ന്യൂഡല്‍ഹി| VISHNU N L| Last Modified തിങ്കള്‍, 6 ഏപ്രില്‍ 2015 (08:57 IST)
അഞ്ചു ദിവസത്തിനകം വിദേശികള്‍ രാജ്യം വിടണമെന്ന യെമന്‍ ഭരണകൂടത്തിന്റെ നിര്‍ദ്ദേശത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന രക്ഷാ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കി.
അതിനിടെ,
യെമനിലെ ഏദന്‍ തുറമുഖത്ത് നിന്ന് നാവിക സേന എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിച്ചതായി
വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.
ഇന്നലെ പുലര്‍ച്ചെ ഏദന്‍ തുറമുഖം വഴി നടത്തിയ അവസാന രക്ഷാപ്രവര്‍ത്തനത്തില്‍ 179 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 17 രാജ്യങ്ങളിലെ പൗരന്മാരെ ഇന്ത്യയുടെ ഐ.എന്‍.എസ് മുംബയ് യുദ്ധക്കപ്പലില്‍ രക്ഷിച്ച് ജിബൂട്ടിയിലെത്തിച്ചു.

ഏദനില്‍ കനത്ത ഷെല്ലാക്രമണം നടക്കുന്നതിനിടെ തുറമുഖത്തിന് ആറ് നോട്ടിക്കല്‍ മൈല്‍ ദൂരെ നങ്കുരമിട്ട യുദ്ധക്കപ്പലിലേക്ക് നാവിക സേനാ കമാന്‍ഡോകളുടെ സഹായത്തോടെ പൗരന്മാരെ എത്തിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. അതേസമയം മറ്റ് സ്ഥലങ്ങാളില്‍ കുടുഇങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരോട് സനായിലും, അടുത്തുള്ള തുറമുഖങ്ങളിലും എത്തിച്ചേരാന്‍ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രാ രേഖകള്‍ ഇല്ലെങ്കില്‍ പോലും രക്ഷപ്പെടുത്താമെന്നും ആവശ്യമായ രേഖകള്‍ വിമാനത്താവളങ്ങളില്‍ വച്ച് നല്‍കുന്നതായിരിക്കുമെന്നും എംബസി അറിയിച്ചിട്ടുണ്ട്.

ജിബൂട്ടിയില്‍ കേന്ദ്രമന്ത്രി ജനറല്‍ വി കെ സിംഗാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. കഴി‌ഞ്ഞദിവസം രാത്രി യെമന്റെ തലസ്ഥാനമായ സനായിലെത്തി സിംഗ് കാര്യങ്ങള്‍ നേരിട്ട് നിരീക്ഷിച്ചിരുന്നു. അതേസമയം ഇന്നലെ സനാ വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യയുടെ മൂന്ന് വിമാനങ്ങള്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനത്തില്‍ 488 ഇന്ത്യക്കാരെയാണ് ജിബൂട്ടിയിലെത്തിച്ചത്. രാത്രി വൈകിയും രക്ഷാ പ്രവര്‍ത്തനം തുടരുന്നതിനുള്ള ശ്രമത്തിലാണ് വ്യോമസേന. ഇന്നലെ അഷ് ഷിര്‍ തുറമുഖത്ത് നിന്ന് 183 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 203 പേരെ ഐ.എന്‍.എസ് സുമിത്ര യുദ്ധക്കപ്പലും രക്ഷപ്പെടുത്തി ജിബൂട്ടിയിലേക്ക് പുറപ്പെട്ടതായി കേന്ദ്രം അറിയിച്ചു.

ഇന്നലെ ജിബൂട്ടീയില്‍ നിന്ന്
806 പേരെ കൂടി കേന്ദ്രസര്‍ക്കാര്‍ നാട്ടിലെത്തിച്ചിട്ടുണ്ട്. വ്യോമസേനയുടെ സി 17 ഗ്ളോബ്മാസ്റ്റര്‍ വിമാനത്തില്‍ 225 പേരെ ഇന്നലെ രാത്രി 9.45 ഓടെ മുംബയ് വിമാനത്താവളത്തിലും എയര്‍ ഇന്ത്യയുടെ 777 ബോയിംഗ് വിമാനത്തില്‍ 352 പേരെ അര്‍ദ്ധരാത്രി 12.15ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലുമെത്തിച്ചു. അര്‍ദ്ധരാത്രി 12.15ന് മറ്റൊരു സി 17 ഗ്ളോബ്മാസ്റ്റര്‍ വിമാനത്തില്‍ 229 പേരെയും മുംബയിലെത്തിച്ചു. ഇതോടെ നാട്ടിലെത്തിച്ച ഇന്ത്യാക്കാരുടെ എണ്ണം 1800 കടന്നു, ഇനിയും ഇത്രത്തോളം ആളുകളേക്കൂടി രക്ഷപ്പെടുത്താനുണ്ട് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. അതേസമയം മൂന്ന് വിമാനങ്ങളില്‍ നിന്നായി കൂടുതല്‍ പേര്‍ ഇന്ന് ഇന്ത്യയിലേക്കെത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :