Donald Trump: 'ഞാന്‍ പോയിട്ട് നീന്തണോ'; ഹെലികോപ്റ്റര്‍ അപകടത്തില്‍ സര്‍ക്കാസവുമായി ട്രംപ്, ഒബാമയ്ക്കും ബൈഡനും വിമര്‍ശനം

അപകടത്തിനു പിന്നാലെ മുന്‍ പ്രസിഡന്റുമാരായ ജോ ബൈഡനെയും ബറാക് ഒബാമയെയും ട്രംപ് വിമര്‍ശിച്ചതും വിവാദമായിട്ടുണ്ട്

Donald Trump
രേണുക വേണു| Last Modified വെള്ളി, 31 ജനുവരി 2025 (09:10 IST)
Donald Trump

Donald Trump: വൈറ്റ് ഹൗസിനു സമീപം യാത്രാ വിമാനവും സൈനിക കോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ വന്‍ അപകടത്തിനു പിന്നാലെ സര്‍ക്കാസവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അപകടസ്ഥലം സന്ദര്‍ശിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു 'ഞാന്‍ അവിടെ പോയിട്ട് നീന്തണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്' എന്നാണ് ട്രംപ് പരിഹാസരൂപേണ ചോദിച്ചത്. വിമാനവും ഹെലികോപ്റ്ററും വൈറ്റ് ഹൗസിനു സമീപമുള്ള പൊട്ടോമാക് നദിയിലേക്ക് തകര്‍ന്നുവീണത്. നദിയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെയാണ് ട്രംപിന്റെ സര്‍ക്കാസം.

' അങ്ങോട്ടു പോകാന്‍ ഞാന്‍ ആലോചിക്കുന്നുണ്ട്, പക്ഷേ രക്ഷാപ്രവര്‍ത്തനം നടക്കുന്ന സ്ഥലത്തേക്കല്ല. നിങ്ങള്‍ തന്നെ പറയൂ, ഏതാണ് സ്ഥലം? വെള്ളമല്ലേ? അപ്പോള്‍ ഞാന്‍ അവിടെ പോയി നീന്തണമെന്നാണോ?' ട്രംപ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. 67 പേര്‍ മരിച്ച ഒരു അപകടത്തെ ഇത്രയും നിസാരവത്കരിക്കാന്‍ ട്രംപിനു എങ്ങനെ സാധിച്ചു എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം.

അപകടത്തിനു പിന്നാലെ മുന്‍ പ്രസിഡന്റുമാരായ ജോ ബൈഡനെയും ബറാക് ഒബാമയെയും ട്രംപ് വിമര്‍ശിച്ചതും വിവാദമായിട്ടുണ്ട്. സൈന്യത്തിലുള്‍പ്പെടെ വംശീയ വൈവിധ്യത്തിനായി വാദിക്കുന്ന ഡിഇഐ (DEI) നയത്തെ ട്രംപ് വിമര്‍ശിച്ചു. വ്യത്യസ്തത, തുല്യത, ഉള്‍ച്ചേര്‍ക്കല്‍ എന്നിവയ്ക്കു വേണ്ടി കഴിവുള്ളവരെ പുറത്തുനിര്‍ത്തുകയാണെന്ന തരത്തിലാണ് ട്രംപ് മുന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചത്. ഏത് വംശത്തില്‍ ഉള്ള ആളാണെന്നു നോക്കാതെ ഏറ്റവും കഴിവുള്ളവരെയാണ് ഉന്നത സ്ഥാനങ്ങളില്‍ വേണ്ടതെന്ന് ട്രംപ് പറഞ്ഞു. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ ഇരിക്കുന്നവര്‍ ജീനിയസുകള്‍ ആയിരിക്കണമെന്നും അവരുടെ വംശം നോക്കേണ്ടതില്ലെന്നും പറഞ്ഞ ട്രംപ് അപകടത്തിനു കാരണം 'വൈവിധ്യനയം' ആണെന്നു വിമര്‍ശിക്കാന്‍ കാരണമെന്താണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ 'കോമണ്‍ സെന്‍സ്' എന്നും മറുപടി നല്‍കി.
ആകാശദുരന്തം; മരണം 67

വൈറ്റ് ഹൗസിനു അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയാണ് യാത്രാ വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ച് നദിയിലേക്ക് വീണത്. 67 പേര്‍ മരിച്ചതായാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ യാത്രാ വിമാനത്തില്‍ 64 പേരുണ്ടായിരുന്നു. യാത്രാവിമാനം വാഷിങ്ടണിലെ റൊണാള്‍ഡ് റീഗണ്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കവെ അമേരിക്കന്‍ സമയം രാത്രി ഒന്‍പതു മണിയോടെയാണ് ബ്ലാക് ഹോക് സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചത്. വിമാനവും ഹെലികോപ്റ്ററും സമീപത്തെ പൊട്ടോമാക് നദിയില്‍ തകര്‍ന്നുവീണു. കോപ്റ്ററില്‍ മൂന്ന് സൈനികര്‍ ഉണ്ടായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :