ഫ്രാന്‍സിനെ നടുക്കി വീണ്ടും ഭീകരാക്രമണം; 80 പേര്‍ കൊല്ലപ്പെട്ടു, നൂറിലധികം പേര്‍ക്ക് പരിക്ക്

ദേശീയ ദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ച് കയറ്റിയാണ് ആക്രമണം നടത്തിയത്. അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു.

നീസ്| priyanka| Last Modified വെള്ളി, 15 ജൂലൈ 2016 (11:47 IST)
ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണം. നീസില്‍ നടന്ന ആക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദേശീയ ദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ച് കയറ്റിയാണ് ആക്രമണം നടത്തിയത്. അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു.

കരിമരുന്നു പ്രയോഗം നടന്നുകൊണ്ടിരിക്കുമ്പോഴാണ് അപകടമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. തലസ്ഥാന നഗരിയായ പാരിസില്‍ നിന്നു 900ത്തില്‍ അധികം കിലോമീറ്റര്‍ അകലെയാണ് അക്രമം നടന്ന സ്ഥലം. അപകടമുണ്ടാക്കിയ ട്രക്കില്‍ നിന്നും സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെുത്തു. അമിത വേഗത്തിലെത്തിയ ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

ജനങ്ങളെ ഇടിച്ചു വീഴ്ത്തി ട്രക്ക് രണ്ട് കിലോമീറ്ററോളം സഞ്ചരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആയിരത്തോളം പേര്‍ അക്രമം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നു. ഭീകരാക്രമണമാണിതെന്ന് ഫ്രഞ്ച് അധികൃതര്‍ അറിയിച്ചു. പ്രദേശത്തെ ജനങ്ങള്‍ വീടിനു പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ നടുക്കം രേഖപ്പെടുത്തി. എട്ടുമാസം മുമ്പ് പാരീസില്‍ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ആക്രമണങ്ങളിലും സ്‌ഫോടനങ്ങളിലുമായി 130 പേരാണ് കൊല്ലപ്പെട്ടത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :