ഇസ്ലാമാബാദ്|
VISHNU N L|
Last Modified വെള്ളി, 5 ജൂണ്‍ 2015 (17:16 IST)
നോബല്‍സമ്മാന ജേതാവ് മലാലാ യൂസുഫ് സായിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ പിടിയിലായ തീവ്രവാദികളെല്ലാം പാകിസ്ഥാനില്‍ സ്വര്യ വിഹാരം നടത്തുന്നതായുള്‍ല ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നു. മലാലയ്ക്കെതിരായ വധശ്രമ കേസില്‍ പ്രതികളായ 10 പേരില്‍ എട്ടുപേരെയും പാകിസ്‌താന്‍ രഹസ്യ വിചാരണ നടത്തി വെറുതെ വിട്ടതായാണ് പുതിയ വെളിപ്പെടുത്തലുകള്‍. പ്രതികളെല്ലാം കേസില്‍ 25 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലാണെന്നായിരുന്നു പാകിസ്ഥാന്‍ ലോകത്തെ അറിയിച്ചിരുന്നത്.
എന്നാല്‍ 10 പേരില്‍ വെറും രണ്ടു പേര്‍ മാത്രമാണ് വിചാരണ ചെയ്യപ്പെട്ടതും ജയിലില്‍ കഴിയുന്നതും. ഇസാറുള്ള, ഇസ്രാര്‍ ഉര്‍ റഹ്‌മാന്‍ എന്നിവര്‍ മാത്രമാണ് ഇപ്പോള്‍ പാക് ജയിലിലുള്ളതെന്നും സംഭവത്തിലെ എട്ടുപേരെയും പാകിസ്‌താന്‍ വെറുതെ വിട്ടതായുമാണ് വിവരങ്ങള്‍. ഒരു വിദേശ മാധ്യമമാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ഇതോടെ കേസില്‍ പാകിസ്ഥാന്‍ ലോകത്തെ അറിയിച്ചതു മുഴുവന്‍ കല്ലുവച്ച നുണയാണെന്ന് പുറത്തായി..
പത്തുപേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയെന്നും ഇവരെ തൂക്കിലേറ്റുമെന്നും മലാലയ്‌ക്കെതിരേയുള്ള വധശ്രമം 24 വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണെന്നുമാണ് പാകിസ്‌താന്‍ അധികൃതര്‍ ഏപ്രിലില്‍ പറഞ്ഞത്. എന്നാല്‍ കേസില്‍ ഒരു വിശ്വാസ്യതയുമില്ലാത്ത രഹസ്യവിചാരണയാണ് നടന്നത്. കുറ്റവാളി, സര്‍ക്കാര്‍ അഭിഭാഷകന്‍, ജഡ്‌ജി, സൈന്യം, കുറ്റവാളി എന്നിവര്‍ മാത്രം ചേര്‍ന്ന് വിചാരണയാണ് നടന്നതെന്ന് പത്രം പറയുന്നു. ഈ കേസില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നുള്ള അന്താരാഷ്‌ട്ര സമൂഹത്തിന്റെ താല്‍പര്യവും മാധ്യമസമ്മര്‍ദ്ദവും കുറയ്‌ക്കാനായിരുന്നു പാകിസ്‌താന്‍ ഈ തട്ടിപ്പ് നടത്തിയത്.
സ്വാത്ത് താഴ്‌വരയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടി സംസാരിച്ചതിന്റെ പേരില്‍ 2012 ഒക്‌ടോബറില്‍ 14 വയസ്സുള്ളപ്പോഴായിരുന്നു മലാലയ്‌ക്ക് നേരെ വെടിവെയ്‌പ്പുണ്ടായത്. സ്‌കൂള്‍ ബസിനുള്ളില്‍ വെച്ച് ക്‌ളോസ്‌റേഞ്ചില്‍ മലാലയ്‌ക്ക് നേരെ തീവ്രവാദികള്‍ വെടിവെയ്‌ക്കുകയായിരുന്നു. പിന്നീട് ബ്രിട്ടനില്‍ നടത്തിയ ചികിത്സയില്‍
മലാല രക്ഷപ്പെട്ടു. സംഭവത്തില്‍ അടുത്ത സെപ്‌തംബറില്‍ ടെഹ്രിക് ഇ താലിബാന്‍ പാകിസ്‌താന്റെ പത്തുപേരാണ് അറസ്‌റ്റ് ചെയ്യപ്പെട്ടത്. എന്നാല്‍ എട്ടുപേര്‍ക്കെതിരേ മതിയായ തെളിവില്ലായിരുന്നെന്നാണ് ലണ്ടനിലെ പാക് ഹൈക്കമ്മീഷന്‍ പറയുന്നത്. ആക്രമണത്തിന് പിന്നാലെ പ്രതികള്‍ പോയത് അഫ്‌ഗാനിലേക്കായിരുന്നെങ്കിലും അവിടെ പിടിയിലാകുകയായിരുന്നു.