aparna shaji|
Last Modified ശനി, 13 ഓഗസ്റ്റ് 2016 (11:24 IST)
ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ കാൽപന്തുകളുടെ രാജകുമാരൻ ലയണൽ മെസ്സി തിരിച്ചു വരുന്നു. രാജ്യാന്തര ഫുട്ബോളിൽ നിന്നും താൻ വിരമിക്കുന്നുവെന്ന് മെസ്സി അറിയിച്ചപ്പോൾ തകർന്നത് അദ്ദേഹത്തിന്റെ ആരാധകരുടെ പ്രതീക്ഷയായിരുന്നു. മെസിയില്ലെങ്കിൽ പിന്നെന്ത് ഫുട്ബോൾ എന്ന് വരെ അവർ ചിന്തിക്കാനും കാരണം അതു തന്നെ. എന്നാൽ എത്ര പ്രഖ്യാപിച്ചാലും ആരാധകരുടെ തിരിച്ചു വാ എന്ന അപേക്ഷയും വിളിയും കേൾക്കാതിരിക്കാൻ ആ രാജകുമാരന് സാധിക്കില്ല. കാരണം മെസ്സിയ്ക്ക് ജീവിതവും ഫുട്ബോൾ തന്നെയാണ്.
അർജന്റീനയുടെ സൂപ്പർതാരം രാജ്യാന്തര ടീമിലേക്ക് തിരികെ വരുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടിലേക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പരിശീലകന്‍ എഡ്ഗാർഡോ ബൗസയും മെസ്സിയും നടത്തിയ കൂടിക്കാഴ്ച്ചക്കിടയിലാണ് മെസ്സി തിരിച്ചുവരാനുള്ള ആഗ്രഹം അറിയിച്ചത്. തിരിച്ചു വരാന്‍ പറഞ്ഞ് മെസ്സിയില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും ഫുട്‌ബോളിനെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ മെസ്സി തിരിച്ചു വരാന്‍ താത്പര്യം പ്രകടിപ്പിച്ചതായും ബൗസ അറിയിച്ചു.
കോപ്പ അമേരിക്ക ഫൈനലില്‍ നിര്‍ണ്ണായക പെനാല്‍റ്റി പാഴാക്കിയതിലൂടെ ചിലിയോട് തോല്‍വി വഴങ്ങിയ അര്‍ജന്റീന വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. നാലാം തവണയായിരുന്നു പ്രധാന ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ അര്‍ജന്റീനയ്ക്ക് കപ്പ് നഷ്ടമാകുന്നത്. അനേകം ചിന്തകളാണ് ഫൈനലിന് ശേഷം തന്റെ മനസ്സിലൂടെ കടന്നു പോയതെന്നും വിരമിക്കണമെന്ന തീരുമാനവും നിരാശയില്‍ നിന്നും ഉയര്‍ന്നതാണെന്നും മെസി പറഞ്ഞു. എന്നാല്‍ രാജ്യത്തിനോടുള്ള സ്‌നേഹവും, പത്താം നമ്പര്‍ അര്‍ജന്റീനിയന്‍ ജഴ്‌സിയും തനിക്ക് ഉപേക്ഷിക്കുവാന്‍ സാധിക്കില്ലെന്നും മെസി മാധ്യമങ്ങളോട് പറഞ്ഞു.