സിഡ്‌നി|
jibin|
Last Modified തിങ്കള്‍, 23 മെയ് 2016 (09:07 IST)
ഓസ്‌ട്രേലിയയുടെ സ്വകാര്യ അഹങ്കാരമായിരുന്ന കംഗാരുക്കള്‍ രാജ്യത്തിന് ശാപമായി തീരുന്നുവെന്ന് റിപ്പോര്‍ട്ട്. കംഗാരുക്കളുടെ എണ്ണം ക്രമാതീതമായി കൂടിയതോടെ ഇവയെ കൊന്നൊടുക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. അയ്യായിരത്തോളം കംഗാരുക്കളെ കൊന്നേക്കുമെന്നാണ് റിപ്പോര്‍ട്ടെങ്കിലും അതിലും കൂടുതല്‍ ഉണ്ടാകുമെന്നാണ് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നത്.
രണ്ടായിരത്തിനടുത്ത് കംഗാരുക്കളെയാണ് ആഗസ്റ്റിന് മുന്‍പായി ഓസ്ട്രേലിയ കൊല്ലും. കംഗാരുക്കളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഇവയ്‌ക്കിടയില്‍ ഭക്ഷ്യക്ഷാമം ഉണ്ടാകുന്നതിനും ജൈവവ്യവസ്ഥയെ തന്നെ താളം തെറ്റിക്കുന്നതിനും കാരണമായതോടെയാണ് അധികൃതര്‍ ഇത്തരമൊരു തീരുമാനത്തില്‍ എത്തിയത്.
ചില മൃഗങ്ങളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ വിനോദത്തിനായി അവയെ വേട്ടയാന്‍ അനുവദിക്കുന്ന അമേരിക്കയിലെയും ആഫ്രിക്കയിലെയും പോലുള്ള രീതികള്‍ ഓസ്‌ട്രേലിയയില്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല. മറിച്ച് സര്‍ക്കാര്‍ സംവിധാനങ്ങള്‍ നേരിട്ടാകും ഇത് നടപ്പാക്കുക.കഴിഞ്ഞ വര്‍ഷവും ഏതാണ്ട് രണ്ടായിരത്തോളം കംഗാരുക്കളെ കൊലപ്പെടുത്തിയിരുന്നു.
അതേസമയം, കംഗാരുക്കളെ കൊന്നുടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തി.
കൊലപ്പെടുത്തുന്നതിന് പകരം ജനന നിയന്ത്രണത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ് വേണ്ടതെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഇത് പ്രായോഗികമല്ലെന്നതാണ് അധികൃതരുടെ നിലപാട്. അതേസമയം, ഇവയെ എങ്ങനെയാണ് കൊല്ലുക എന്ന ഇതുവരെ വ്യക്തമായിട്ടില്ല.