ന്യൂഡല്‍ഹി|
സജിത്ത്|
Last Modified തിങ്കള്‍, 16 മെയ് 2016 (14:22 IST)
തനിക്ക് സുരക്ഷയും സ്വാതന്ത്രവും ഉറപ്പു നല്‍കിയാല്‍ രാജ്യത്തേക്ക് തിരിച്ചുവരാമെന്ന് യു ബി എല്‍ ചെയര്‍മാന്‍ വിജയ് മല്യ. ഇപ്പോള്‍ ലണ്ടനിലുള്ള മല്യയെ ഇന്ത്യയിലേക്കെത്തിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ശ്രമം പുരോഗമിക്കുന്നതിനിടെയാണ് യു ബി എല്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി മല്യ ഇക്കാര്യം വ്യക്തമാക്കിയത്.
സെപ്തംബര്‍ മാസത്തോടെ 4000 കോടി രൂപ തിരിച്ചടക്കാമെന്ന വിജയ് മല്യയുടെ ഉപാധി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണ്‍സോര്‍ഷ്യം തള്ളിയിരുന്നു. ലോണ്‍ തിരിച്ചടക്കാതിരിക്കാന്‍ തനിക്ക് ഉദ്ദേശമില്ല. തിരിച്ചടവിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. എസ് ബി ഐയ്ക്ക് മുന്നില്‍ പുതിയൊരു ഓഫര്‍ താന്‍ വെച്ചിട്ടുണ്ട്. ഇതില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്നും മല്യ അറിയിച്ചു.
മല്യയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ 24 ന് കേന്ദ്രസര്‍ക്കാര്‍ മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയിരുന്നു. എന്നാല്‍ പാസ്‌പോര്‍ട്ട് റദ്ദാക്കിയതുകൊണ്ടോ തന്നെ അറസ്റ്റ് ചെയ്തതുകൊണ്ടോ ഒറ്റക്കാശുപോലും ബാങ്കുകള്‍ക്ക് കിട്ടില്ലെന്നായിരുന്നു മല്യ പ്രതികരിച്ചത്. 9,000 കോടിയോളം രൂപ വായ്പാ കുടിശ്ശിക നിലനില്‍ക്കെ മാര്‍ച്ച് രണ്ടിനായിരുന്നു മല്യ ബ്രിട്ടനിലേക്ക് കടന്നത്.