Israel vs Lebanon: 'വെടിനിര്‍ത്തല്‍ കരാര്‍ വെറുതെയല്ല' മൂന്ന് ലക്ഷ്യങ്ങളാണ് ഉള്ളതെന്ന് നെതന്യാഹു

അതേസമയം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്

Israel attack in Lebanon
Israel attack in Lebanon
രേണുക വേണു| Last Modified ബുധന്‍, 27 നവം‌ബര്‍ 2024 (10:58 IST)

Israel vs Lebanon: ലബനനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതിനു പിന്നില്‍ മൂന്ന് ലക്ഷ്യങ്ങളാണ് ഉള്ളതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ആദ്യത്തെ ലക്ഷ്യം. ഇറാനില്‍ നിന്നുള്ള ഭീഷണികളെ കൂടുതല്‍ ശ്രദ്ധയോടെ കാണാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുകയാണെന്നും അതുകൊണ്ടാണ് ലബനനുമായുള്ള വെടിനിര്‍ത്തല്‍ കരാറുമായി മുന്നോട്ടുപോകുന്നതെന്നും നെതന്യാഹു പറഞ്ഞു.

ഇസ്രയേല്‍ സൈന്യത്തിനു വിശ്രമം നല്‍കുകയും ആയുധ ശേഖരത്തിലെ കുറവ് നികത്തുകയുമാണ് രണ്ടാമത്തെ ലക്ഷ്യം. കുറവുവന്ന ആയുധങ്ങള്‍ വീണ്ടും സംഭരിക്കാന്‍ ഈ ഇടവേള കൊണ്ട് സാധിക്കുമെന്ന് നെതന്യാഹു പറയുന്നു. ഹമാസിനെ ഒറ്റപ്പെടുത്തുകയാണ് മൂന്നാമത്തെ ലക്ഷ്യമെന്നും നെതന്യാഹു വ്യക്തമാക്കി.

അതേസമയം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിളിച്ചു ചേര്‍ത്ത സുരക്ഷാ മന്ത്രിസഭയാണ് ലെബനനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചത്. എന്നാല്‍ ലെബനന്‍ ഏതെങ്കിലും തരത്തില്‍ കരാറിലെ നിബന്ധനകള്‍ ലംഘിച്ചാല്‍ ശക്തമായി തിരിച്ചടിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്. ' ലെബനനില്‍ എന്ത് സംഭവിക്കുന്നു, അവര്‍ എന്ത് ചെയ്യുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വെടിനിര്‍ത്തല്‍ കരാറിന്റെ ദൈര്‍ഘ്യം. കരാര്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരായിരിക്കുകയും എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യും. വിജയം സ്വന്തമാക്കുന്നതുവരെ ഞങ്ങള്‍ ഒറ്റക്കെട്ടായി തുടരും,' നെതന്യാഹു പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :