പാരീസ്|
jibin|
Last Modified ചൊവ്വ, 1 ഡിസംബര്‍ 2015 (08:15 IST)
സിറിയൻ അതിർത്തിയിൽ റഷ്യൻ വിമാനം തുര്‍ക്കി വെടിവെച്ചിട്ട സംഭവം കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്ക് നീങ്ങവെ തുർക്കിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ രംഗത്ത്. ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരരില്‍ (ഐഎസ്) നിന്ന് തുര്‍ക്കി എണ്ണ വാങ്ങുന്നുണ്ട്. എണ്ണ വിതരണ ലൈനുകള്‍ സംരക്ഷിക്കാനാണ് തങ്ങളുടെ വിമാനം വെടിവെച്ചിട്ടതെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു.
ഐഎസില്‍ നിന്നു വാങ്ങുന്ന എണ്ണ വ്യവസായിക ആവശ്യങ്ങള്‍ക്കായാണ് തുര്‍ക്കി ഉപയോഗിക്കുന്നത്. ഭീകരര്‍ക്കെതിരെ പോരാടുന്ന മഹത്തായ മുന്നണിയെന്ന ആശയത്തെ റഷ്യ പിന്തുണയ്‌ക്കും. എന്നാല്‍ ചിലര്‍ രാഷ്ട്രീയ താത്പര്യങ്ങളെ സംരക്ഷിക്കാന്‍ ഐഎസിനെ ഉപയോഗിക്കുകയാണെന്നും പുടിന്‍ പറഞ്ഞു.
ഭീകര സംഘങ്ങളുമായി ഇത്തരത്തിലുള്ള ഇടപാട് നടത്താന്‍ തങ്ങള്‍ ആത്മാര്‍ഥതയില്ലാത്തവരല്ലെന്നു തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ രംഗത്തെത്തി. പുടിന്റെ ആരോപണങ്ങള്‍ ശരിയാണെന്നു തെളിഞ്ഞാല്‍ രാജിവെക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
തുർക്കിക്ക് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിക്കൊണ്ട് വ്ലാഡിമർ പുടിൻ ഉത്തരവ് പുറപ്പെടുവിപ്പിച്ചിരുന്നു. പുടിന്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധങ്ങളുടെ പാക്കേജ് വൈബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. എത്രയും വേഗം ഇക്കാര്യം നടപ്പിലാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ തുര്‍ക്കിയില്‍ നിന്നുള്ള ഇറക്കുമതിക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാന സര്‍വീസിനും നിരോധനം ഏര്‍പ്പെടുത്തി. തുർക്കിയിലേക്ക് വിനോദസഞ്ചാരികളെ കൊണ്ടുപോകുന്നത് നിർത്താന്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്‌തു. തുര്‍ക്കിയില്‍ നിന്നുള്ള ചില സാധനങ്ങളുടെ ഇറക്കുമതി പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. റഷ്യയിലെ തുര്‍ക്കി കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.
റഷ്യന്‍ കമ്പനികളില്‍ ജോലി ചെയ്യുന്ന തുര്‍ക്കി പൌരന്‍മാരുടെ കരാര്‍ കാലാവധി നീട്ടുന്നതു താല്‍ക്കാലികമായി മരവിപ്പിച്ചു.
തുര്‍ക്കിയിലേക്കുള്ള വിനോദസഞ്ചാരത്തിനും വിസയില്ലാതെ രാജ്യത്ത് പ്രവേശിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി. തുര്‍ക്കിയുമായി കൂടുതല്‍ വ്യാപാര ബന്ധമുള്ള രണ്ടാമത്ത രാജ്യമാണ് റഷ്യ.
ഉപരോധത്തിന്‍റെ ഭാഗമായി റഷ്യയിലെ തുർക്കിഷ് വ്യാപാരം സ്ഥാപനങ്ങൾ പൂട്ടിക്കും. തുർക്കിയിൽ നിന്നുള്ള ഇറക്കുമതിയും കയറ്റുമതിയും നിയന്ത്രിക്കും. ചരക്കു വാഹനങ്ങൾ അതിർത്തിയിൽ തടയും. ഇരുരാജ്യങ്ങൾ ധാരണയിലെത്തിയ നിക്ഷേപ പദ്ധതികൾ പിൻവലിക്കാനും റഷ്യ തീരുമാനിച്ചിട്ടുണ്ട്.
തുർക്കി സന്ദർശിക്കുന്നതിൽ നിന്ന് പൗരന്മാരെ വിലക്കിയ റഷ്യൻ അധികൃതർ, പൗരന്മാർ എത്രയും വേഗം മടങ്ങണമെന്ന് നിർദേശം നൽകുകയും ചെയ്തു. തുർക്കി സൈനിക നേതൃത്വവുമായുള്ള ആശയവിനിമയങ്ങൾ അവസാനിപ്പിക്കുമെന്നും റഷ്യൻ അധികൃതർ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഹോട്ട്‌ലൈന്‍ ബന്ധവും റഷ്യ റദ്ദാക്കി. സിറിയന്‍ ആക്രമണ സമയത്ത് തുര്‍ക്കിയെ വിവരം അറിയിക്കാനാണ് ഹോട്ട്‌ലൈന്‍ ബന്ധം സ്ഥാപിച്ചിരുന്നത്.