അങ്കാറ|
jibin|
Last Modified ശനി, 28 നവംബര്‍ 2015 (12:29 IST)
സിറിയൻ അതിർത്തിയിൽ റഷ്യൻ വിമാനം തുര്‍ക്കി വെടിവെച്ചിട്ട സംഭവം കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്ക് നീങ്ങവെ തുര്‍ക്കി ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐസ്എസ്) ഭീകരരുടെ കൈയില്‍ നിന്ന് എണ്ണ വാങ്ങുന്നുവെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്റെ പ്രസ്‌താവനയ്‌ക്കെതിരെ തുര്‍ക്കി പ്രസിഡന്റ് റെസെപ് തയ്യബ് എർദോഗന്‍ രംഗത്ത്.
ഐഎസിന്റെ കൈയില്‍നിന്ന് തങ്ങള്‍ എണ്ണ വാങ്ങുന്നില്ല. റഷ്യയുടെ ഉറ്റസുഹൃത്തായ സിറിയന്‍ പ്രസിഡന്റ് അല്‍ അസാദാണ് ഐഎസില്‍ നിന്ന് എണ്ണ വാങ്ങുന്നത്. തുര്‍ക്കി ഐഎസിന്റെ കൈയില്‍നിന്ന് എണ്ണ വാങ്ങുന്നുണ്ടെന്ന് തെളിയിക്കാന്‍ റഷ്യയുടെ കൈയില്‍ തെളിവുണ്ടോ. ഐഎസില്‍ നിന്നും എണ്ണ വാങ്ങുന്നുണ്ടോയെന്ന് അസാദിനോട് ചോദിക്കാനും എർദോഗന്‍ പറഞ്ഞു.
സംഭവം കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്ക് നീങ്ങവെ തീകൊണ്ട് കളിക്കരുതെന്ന് റഷ്യയ്‌ക്ക് തുർക്കി പ്രസിഡന്റ് റെസെപ് തയ്യബ് എർദോഗന്‍ മുന്നറിയിപ്പ് നല്‍കി. ഞങ്ങളുടെ പൗരൻമാരോട് റഷ്യ മോശമായി പെരുമാറുന്നത് തീകൊണ്ടുള്ള കളിയാണ്. റഷ്യയുമായുള്ള ബന്ധത്തിന് വലിയ വിലയാണ് ഞങ്ങൾ നൽകുന്നത്. ഏതെങ്കിലും രീതിയിൽ ഈ ബന്ധത്തിന് മോശമായി ഒന്നും സംഭവിക്കാൻ പാടില്ല. അടുത്തയാഴ്ച നടക്കുന്ന സമ്മേളനത്തിനിടെ വ്ലാഡിമർ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്നും തുർക്കി പ്രസിഡന്റ് പറഞ്ഞു.
റഷ്യന്‍ വിമാനം വെടിവെച്ചിട്ട തുര്‍ക്കിക്കെതിരെ ആരോപണമുന്നയിച്ച് റഷ്യന്‍ പ്രഡിസന്റ് വ്ളാഡിമർ പുടിന്‍ രംഗത്തെത്തി. ഐഎസില്‍ നിന്നാണ് തുര്‍ക്കി എണ്ണ വാങ്ങുന്നതെന്ന് പുടിന്‍ ആരോപിച്ചു. അതേസമയം, റഷ്യയുടെ നിലപാടിനെതിരെ തുര്‍ക്കിയിലും തുര്‍ക്കിക്കെതിരെ റഷ്യയിലും ജനങ്ങള്‍ രംഗത്തിറങ്ങി.
തുർക്കിയ്ക്കെതിരെ സാമ്പത്തിക ഉപരോധം അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ് വദേവ് വ്യക്തമാക്കി. തുർക്കിയുടെ നടപടി 'രാജ്യത്തിനു നേരെയുളള ആക്രമണ'മാണെന്ന് മെദ്വേദേവ് കഴിഞ്ഞ ദിവസം പ്രതികരിച്ചു. വിമാനം വെടിവെച്ചിട്ടതിൽ മാപ്പ് പറയണമെന്ന ആവശ്യം തുർക്കി തള്ളിയ സാഹചര്യത്തിലാണ് റഷ്യൻ നടപടി.
ഉപരോധത്തിന്‍റെ ഭാഗമായി റഷ്യയിലെ തുർക്കിഷ് വ്യാപാരം സ്ഥാപനങ്ങൾ പൂട്ടിക്കും. തുർക്കിയിൽ നിന്നുള്ള ഇറക്കുമതിയും കയറ്റുമതിയും നിയന്ത്രിക്കും. ചരക്കു വാഹനങ്ങൾ അതിർത്തിയിൽ തടയും. ഇരുരാജ്യങ്ങൾ ധാരണയിലെത്തിയ നിക്ഷേപ പദ്ധതികൾ പിൻവലിക്കാനും റഷ്യ തീരുമാനിച്ചിട്ടുണ്ട്.