ജയപുര (ഇന്തൊനീഷ്യ)|
jibin|
Last Modified ചൊവ്വ, 18 ഓഗസ്റ്റ് 2015 (12:03 IST)
കഴിഞ്ഞ ദിവസം തകർന്ന ഇന്തൊനേഷ്യൻ വിമാനത്തിലുണ്ടായിരുന്ന 54 പേരുടെ
മൃതദേഹങ്ങൾ കണ്ടെത്തിയതായി ഗതാഗത മന്ത്രാലയം അറിയിച്ചു. അപകടസ്ഥലത്ത് നിന്നും ഒരു കുട്ടിയുടെ മൃതദേഹവും ലഭിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് സ്ഥലത്ത് നിന്നും മൃതദേഹങ്ങൾ മാറ്റാൻ സാധിച്ചിട്ടില്ല.
കിഴക്കൻ ഇന്തൊനീഷ്യയിലെ പാപുവ മേഖലയിലെ പർവതപ്രദേശത്താണു വിമാനം തകർന്നത്. കത്തികരിഞ്ഞ നിലയിലുള്ള മൃതദേഹങ്ങള്‍ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, വിമാനത്തിന്റെ ബ്ലാക്ക്ബോക്സ് കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. വിമാനം മുഴുവനായും നശിച്ചെന്നും തരിപ്പണമായ പല ഭാഗങ്ങളിലും കത്തിക്കരിഞ്ഞ പാടുകൾ കാണാമെന്നും അധികൃതർ പറഞ്ഞു. 250 രക്ഷാപ്രവർത്തകരും 11 വിമാനങ്ങളും
രക്ഷാപ്രവർത്തനത്തിനായി ഇറങ്ങിയെങ്കിലും കനത്ത
മഴയും മൂടൽമഞ്ഞും ഉണ്ടായതിനെ തുടർന്ന് പ്രവർത്തനം തടസപ്പെടുകയായിരുന്നു.
പാപുവ തലസ്ഥാനമായ ജയപുരയിലെ സെന്താനി വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന ട്രിഗാന എയർ സർവീസിന്റെ എടിആർ 42–300 എന്ന വിമാനത്തിനു ലക്ഷ്യസ്ഥാനമായ ഓക്സിബിലിൽ ഇറങ്ങുന്നതിനു പത്തു മിനിറ്റ് മുൻപാണ് എയർ ട്രാഫിക് കൺട്രോളുമായി ബന്ധം നഷ്ടപ്പെട്ടത്. പാപ്പുവയുടെ പ്രാദേശിക തലസ്ഥാനമായ ജയപുരയിലെ സെന്റാനി വിമാനത്താവളത്തിൽ നിന്ന് തെക്കൻ മേഖലയിലെ ഒക്സിബിലിലേക്ക് പറക്കുകയായിരുന്നു വിമാനം. പ്രാദേശിക സമയം ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെ എയർ ട്രാഫിക് കൺട്രോളുമായി ബന്ധം നഷ്ടപ്പെട്ട വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി തകർന്നു വീഴുകയായിരുന്നു. വിമാനത്തിൽ അഞ്ചു കുട്ടികളുൾപ്പെടെ 49 യാത്രക്കാരും അഞ്ചു ജീവനക്കാരുമാണുണ്ടായിരുന്നത്.