അറസ്റ്റ് നാടകം മാത്രം, തട്ടികൊണ്ടുപോയി തന്നെ കൊലപ്പെടുത്താൻ നീക്കം, പാക് പോലീസിനെതിരെ ഇമ്രാൻ ഖാൻ

അഭിറാം മനോഹർ| Last Modified ബുധന്‍, 15 മാര്‍ച്ച് 2023 (18:35 IST)
തന്നെ അറസ്റ്റ് ചെയ്യാനുള്ള പോലീസിൻ്റെ നീക്കം തട്ടികൊണ്ട് പോയി കൊലപ്പെടുത്താനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്ന് മുൻ പാക് പ്രധാനമന്ത്രിയും തെഹ്രികെ ഇൻസാഫ് പാർട്ടി തലവനുമായ ഇമ്രാൻ ഖാൻ. അറസ്റ്റ് ചെയ്യണമെന്ന് പറഞ്ഞ് നടക്കുന്ന നീക്കം വെറും നാടകം മാത്രമാണെന്ന് ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ഇമ്രാനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാർക്കെതിരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞിരുന്നു. നാടകീയമായ സംഭവങ്ങളാണ് ഇതിനെ തുടർന്ന് പാകിസ്ഥാനിൽ നടക്കുന്നത്. പ്രധാനമന്ത്രിയായിരിക്കെ ഇമ്രാൻ ഖാന് ലഭിച്ച വിലകൂടിയ സമ്മാനങ്ങൾ വകുപ്പ് മാറ്റി സ്വന്തമാക്കിയെന്നാണ് കേസ്.ഇത്തരത്തിൽ 36 മില്യൺ ഡോളർ ഇമ്രാൻ ഖാൻ സമ്പാദിച്ചെന്നാണ് ആരോപണം.കേസിനെ തുടർന്ന് ഇമ്രാൻ ഖാന് തെരെഞ്ഞെടുപ്പ് കമ്മീഷൻ അഞ്ച് വർഷം വിലക്കേർപ്പെടുത്തിയിരുന്നു. കേസിൽ വിചാരണയ്ക്കായി ഇമ്രാൻ ഖാൻ 3 തവണ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് ഇമ്രാനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇമ്രാനെ അറസ്റ്റ് ചെയ്യാൻ പോലീസെത്തിയതോടെയാണ് നാടകീയ സംഭവവികാസങ്ങൾ പാകിസ്ഥാനിൽ ആരംഭിച്ചത്.

താൻ ജയിലിൽ പോയാലും കൊല്ലപ്പെട്ടാലും സംഘടിക്കണമെന്നും സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി പോരാടണമെന്നും ഇമ്രാൻ വിഡിയോയിലൂടെ ആഹ്വാനം ചെയ്തു. പിന്നാലെയാണ് അണികൾ കൂട്ടമായി ഇമ്രാൻ്റെ ലാഹോറിലെ വസതിയിലെത്തിയത്. അണികളുടെ പ്രതിഷേധത്തിനെ തുടർന്ന് ജലപീരങ്കിയടക്കം പ്രയോഗിച്ചിട്ടും പോലീസിന് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനായില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :