ഒടുവില്‍ ലോക ശക്തികള്‍ മുട്ടുമടക്കി, ഇന്ത്യ ഡബ്ല്യുടിഒ കരാര്‍ ഒപ്പുവയ്ക്കും

ന്യൂഡല്‍ഹി| VISHNU.NL| Last Modified വെള്ളി, 7 നവം‌ബര്‍ 2014 (13:01 IST)
ഇന്ത്യക്ക് സ്വന്തം നിലപാടുകളും തീരുമാനങ്ങളുമുണ്ട് എന്ന് ലോകത്തിനെ വീണ്ടും ബോധ്യപ്പെടുത്തുന്നതായി ലോകവ്യാപാര കരാര്‍. മുന്നൊട്ട് വയ്ക്കുന്ന ഉപാധി അംഗീകരിച്ചില്ലെങ്കില്‍ കരാറില്‍ ഒപ്പുവയ്ക്കില്ലെന്ന ഇന്ത്യയുടെ നിശ്ചയ ദാര്‍ഡ്യത്തിനു മുന്നില്‍ ലോക ശക്തികളായ അമേരിക്കയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും മുട്ടു മടക്കി.

ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് സ്വന്തം കാര്‍ഷികോത്പന്നങ്ങളുടെ താങ്ങുവില നിശ്ചയിക്കാനുള്ള അധികാരം നല്‍കണമെന്ന ആവശ്യത്തിനാണ് അമേരിക്കയും യൂറോപ്യന്‍ യൂണിയനും സമ്മതം മൂളിയിരിക്കുന്നത്. ഭക്ഷ്യ സുരക്ഷയെ സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കാതെ, ഉദാരമായ ഉറക്കുമതിക്ക് വഴിയൊരുക്കുന്ന കരാറില്‍ ഒപ്പുവെക്കാന്‍ ഇന്ത്യ വിസമ്മതിച്ചതോടെ, ആഗോള വ്യാപാരകരാറിനെ സംബന്ധിച്ച ചര്‍ച്ചകള്‍ വഴിമുട്ടിനില്‍ക്കുകയായിരുന്നു.

ബാലിയില്‍ കഴിഞ്ഞ ഡിസംബറില്‍ നടന്ന മന്ത്രിതല ചര്‍ച്ചയിലാണ് ഇന്ത്യയുടെ ആശങ്കകള്‍ പരിഗണിക്കാമെന്ന് തീരുമാനമായത്. കരാറില്‍ ജൂലൈ 31-നകം ഒപ്പിടാമെന്നും അന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍, ആവശ്യങ്ങള്‍ അംഗീകരിക്കാതെ കരാറില്‍ ഒപ്പുവെക്കുകയില്ലെന്ന് മോഡി സര്‍ക്കാര്‍ നിലപാടെടുത്തോടെ പ്രതിസന്ധി വീണ്ടും രൂക്ഷമായി.

ഇതേ തുടര്‍ന്ന് ഇന്ത്യയില്ലാതെ കരാറുമായി മുന്നോട്ട് പോകാന്‍ യൂറോപ്യന്‍ യൂണിയനിലെ ചിലരാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലോക ജനസംഖ്യയില്‍ വലിയൊരു ഭാഗം ഉള്ള ഇന്ത്യയെ ഒഴിവാക്കിയാല്‍ കരാറുകൊണ്ട് പ്രയോജനമില്ലാതാകുമെന്ന് മനസിലായതൊടെയാണ് ഇന്ത്യയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മറ്റ് അംഗരാജ്യങ്ങള്‍ തയ്യാറായത്.

ഇതിന് പകരം ഡബ്ല്യുടിഒ കരാര്‍ അനുസരിച്ചുള്ള ഭക്ഷ്യ വസ്തു ഇറക്കുമതിക്ക് അനുസൃതമായി ഇറക്കുമതി നിയമങ്ങളില്‍ ഇന്ത്യയും ഇളവുവരുത്തും. ജനീവയിലെ ഡബ്ല്യുടിഒ ആസ്ഥാനത്ത് ഇതുസംബന്ധിച്ച തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. ഇറക്കുമതി നിയമങ്ങള്‍ ഇളവുചെയ്യുന്നതുസംബന്ധിച്ചും ഇന്ത്യയും അമേരിക്കയും യൂറോപ്യന്‍ യൂണിയനും ധാരണയിലെത്തുമെന്ന് കരുതുന്നതായി ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

കാര്‍ഷികോത്പന്നങ്ങളുടെ വില സംബന്ധിച്ച കണക്കുകൂട്ടല്‍ കാലഹരണപ്പെട്ടതാണെന്നും അത് പരിഷ്‌കരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. സബ്‌സിഡികള്‍ അനുവദിക്കുന്നതിനും ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുന്നതിനും കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കണമെന്നതും ഇന്ത്യയുടെ ആവശ്യമായിരുന്നു. ഇക്കാര്യത്തിലും ഇന്ത്യന്‍ നിലപാട് അംഗീകരിക്കാനാണ് യൂറീപ്യന്‍ യൂണിയന്റെ തീരുമാനം.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :