അമേരിക്കയില്‍ ട്രക്കിനുള്ളില്‍ നിന്ന് 46 മൃതദേഹങ്ങള്‍; മനുഷ്യക്കടത്തെന്ന് സൂചന

രേണുക വേണു| Last Modified ചൊവ്വ, 28 ജൂണ്‍ 2022 (09:49 IST)

അമേരിക്കയിലെ ടെക്‌സസില്‍ ട്രക്കിനുള്ളില്‍ 46 മൃതദേഹങ്ങള്‍ കണ്ടെത്തി. തിങ്കളാഴ്ച സാന്‍ അന്റോണിയോയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൃതദേഹങ്ങള്‍ അടങ്ങിയ ട്രക്ക് കണ്ടെത്തിയത്.

അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിയില്‍ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ ദുരന്തമാണ് ഇത്. ട്രക്കിനുള്ളില്‍ നിന്ന് കുട്ടികള്‍ ഉള്‍പ്പെടെയുള്ള 16 പേരെ അവശനിലയില്‍ കണ്ടെത്തി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സാന്‍ ആന്റോണിയോ അഗ്നിരക്ഷാ വിഭാഗം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ട്. മെക്‌സിക്കോയില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

മെക്സിക്കോ അതിര്‍ത്തിയില്‍ നിന്ന് 250 കിലോമീറ്റര്‍ ദൂരെ നഗരത്തില്‍നിന്ന് അകലെയായി ഒറ്റപ്പെട്ട സ്ഥലത്ത് റെയില്‍ ട്രാക്കിനോട് ചേര്‍ന്ന റോഡിലാണ് ട്രക്ക് കണ്ടെത്തിയത്. കനത്ത ചൂടാണ് മരണകാരണമെന്ന് വിലയിരുത്തല്‍. തിങ്കളാഴ്ച ടെക്‌സസില്‍ താപനില 39.4 ഡിഗ്രിവരെ ഉയര്‍ന്നിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :