അഭിറാം മനോഹർ|
Last Modified വ്യാഴം, 26 മാര്‍ച്ച് 2020 (07:22 IST)
ലോകത്ത്
കൊവിഡ് 19 രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപതിനായിരം കടന്നു.ഇറ്റലിയിൽ 24 മണിക്കൂറിനിടെ മാത്രം 683 പേരാണ് രോഗം ബാധിച്ച് മരിച്ചത്.5210 കേസുകളും ഇന്നലെ ഇറ്റലിയിൽ സ്ഥിരീകരിച്ചു. അതേസമയം ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം നാലര ലക്ഷം പിന്നിട്ടു. ഇതിൽ 74,386 കേസുകളും ഇറ്റലിയിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.ഇറ്റലിയിൽ മാത്രം മരണസംഖ്യ 7,500 കടന്നു. മരണസംഖ്യയിൽ സ്പെയിൻ ചൈനയെ മറികടക്കുകയും ചെയ്‌തു.
ലോകമെങ്ങുമായി 4,60,000 കേസുകളിൽ നിന്നുമായി 21,000ലധികം ആളുകളാണ് ഇതുവരെ മരിച്ചത്. സ്പെയിനിൽ ഇന്നലെ മാത്രം 683 ആളുകളാണ് മരിച്ചത്. യൂറോപ്പിന് പുറമെ അമേരിക്കയിലും കൊവിഡ് കേസുകളുടെ എണ്ണം ഉയരുകയാണ്.ഇന്നലെ മാത്രം ഏകദേശം 11,000 ലധികം കേസുകളും 162 മരണങ്ങളുമാണ് അമേരിക്കയിൽ രേഖപ്പെടുത്തിയത്. ഇതുവരെയായി 65,000 ആളുകളിൽ നിന്നും 900ലധികം മരണങ്ങൾ അമേരിക്കയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്രാൻസിൽ ഇന്നലെ മാത്രം 230 ലധികം മരണങ്ങൾ സ്ഥിരീകരിച്ചു.
ബ്രിട്ടനിലെ അടുത്ത കിരീടാവകാശി ചാൾസ് രാജകുമാരന് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു.ബക്കിംഗ്ഹാം കൊട്ടാരം തന്നെയാണ് ചാൾസിന് രോഗം സ്ഥിരീകരിച്ചതായി വാർത്താക്കുറിപ്പിലൂടെ ജനങ്ങളെ അറിയിച്ചത്. നിലവിൽ സ്കോട്ട്ലൻഡിൽ ഐസൊലേഷനിലാണ് ചാൾസ് രാജകുമാരൻ.