വിവാഹമോചനം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷം തങ്ങള്‍ക്ക് വീണ്ടും ഒരുമിച്ച് ജീവിക്കണമെന്ന ആവശ്യവുമായി യുവാവും യുവതിയും; പറ്റില്ലെന്ന് കോടതി

12 വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്.

Last Modified ശനി, 25 മെയ് 2019 (15:44 IST)
വിവാഹമോചനം കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങള്‍ക്ക് വീണ്ടും ഒരുമിച്ച് ജീവിക്കണമെന്ന യുവാവിന്റെയും യുവതിയുടേയും ആവശ്യം കോടതി തള്ളി. അബുദാബി പേഴ്‌സണല്‍ സ്റ്റാറ്റസ് കോടതിയാണ് വിവാഹ മോചനം റദ്ദാക്കാനാവില്ലെന്ന നിലപാടെടുത്തത്. ഇസ്ലാമിക നിയമപ്രകാരമുള്ള തങ്ങളുടെ ഒന്നാമത്തെയും രണ്ടാമത്തെയും തലാഖുകള്‍ റദ്ദാക്കണമെന്നായിരുന്നു കോടതിയില്‍ ഇവരുടെ ആവശ്യം.

12 വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ഭര്‍ത്താവ് അമിതമായി ദേഷ്യപ്പെടുന്ന സ്വഭാവക്കാരനായിരുന്നു. ഇക്കാരണം കൊണ്ടുതന്നെ കുടുംബ ജീവിതം സമാധാനപൂര്‍ണമായിരുന്നില്ല. രണ്ട് തവണ ഇയാള്‍ ഭാര്യയെ തലാഖ് ചൊല്ലുകയും ചെയ്തു. പിന്നെയും ഇരുവരും ഒരുമിച്ച് ജീവിച്ചു.

രണ്ട് വര്‍ഷം മുമ്പാണ് ഇനിയും തുടര്‍ന്ന് പോകാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ വിവാഹമോചനം തേടിയത്. നേരത്തെ രണ്ട് തവണ തലാഖ് ചൊല്ലിയത് ഉള്‍പ്പെടെ പരിഗണിച്ച് കോടതി ഇവര്‍ക്ക് വിവാഹമോചനം അനുവദിച്ചു. വിവാഹമോചനം കഴിഞ്ഞ് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ നേരത്തെയെടുത്ത തീരുമാനം എടുത്തുചാട്ടമായിരുന്നുവെന്ന് ഇരുവര്‍ക്കും തോന്നിത്തുടങ്ങി.

ഇതോടെയാണ് വിവാഹമോചനം റദ്ദാക്കി തങ്ങളെ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി വീണ്ടും കോടതിയെ സമീപിച്ചത്. വിവാഹമോചന സമയത്ത് താന്‍ മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും പ്രത്യേക മാനസിക രോഗം കാരണം വിവേചന രഹിതമായി താന്‍ രണ്ട് തവണ തലാഖ് ചൊല്ലുകയായിരുന്നുവെന്നുമാണ് ഭര്‍ത്താവ് കോടതിയില്‍ പറഞ്ഞത്.

എന്നാല്‍ ആവശ്യം കോടതി നിരസിച്ചു. ഇസ്ലാമിക നിയമപ്രകാരം മൂന്ന് തലാഖുകളോടെ വിവാഹബന്ധം വേര്‍പ്പെടുത്തിയാല്‍ പിന്നീട് വിവാഹബന്ധം പുനഃസ്ഥാപിക്കാനാവില്ലെന്ന് കോടതി ഉത്തരവിടുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :