വിദ്യാഭ്യാസം പ്ലസ് ടു മാത്രം, വാദിച്ച് ജയിച്ചത് മുഴുവൻ ക്രിമിനൽ കേസുകൾ; വ്യാജ വക്കീലിന്റെ പരിഞ്ജാനം കണ്ട് അന്തം‌വിട്ട് കോടതി

പ്രതി ഒന്നരവർഷം മുൻപ് തിരുവനന്തപുരത്തെ പ്രശസ്തമായ സർക്കാർ ആശുപത്രിയിലെ ഡോക്ടറെ വിവാഹം കഴിച്ചിരുന്നു.

Last Modified ചൊവ്വ, 21 മെയ് 2019 (08:56 IST)
പ്ലസ് ടു മാത്രം വിദ്യാഭ്യാസം നേടിയ വ്യക്തി
വ്യാജരേഖ ചമച്ച് അഞ്ച് വർഷമായി അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത സംഭവം നാടിനെ ഞെട്ടിച്ചു. പോലീസ് അറസ്റ്റ് ചെയ്തത
പ്രതിയെ കോടതി കസ്റ്റഡിയിൽവിട്ടു. ഒറ്റശേഖരമംഗലം വാളികോട് തലക്കോണം തലനിന്നപുത്തൻവീട്ടിൽ എം.ജെ.വിനോദി(31) നെയാണ്‌ കോടതി ജില്ലാ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടത്.

വിനോദിന്റെ ബന്ധുവും ട്യൂഷൻ അധ്യാപികയുമായിരുന്ന പ്രീതിമോൾ 2017-ൽ നൽകിയ പരാതിയിലാണ് അറസ്റ്റ് നടന്നത്. പതിനഞ്ചാം തീയതിയാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഡി.അശോകന്റെ നേതൃത്വത്തിലുള്ള സംഘം വിനോദിനെ പിടികൂടിയത്. ബിഹാറിലെ ചപ്രയിലെ ഗംഗാസിങ് ലോ കോളേജ്, ചപ്ര ജയപ്രകാശ് സർവകലാശാല എന്നിവിടങ്ങളിൽ നിന്നും പഠിച്ചതായുള്ള വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തിയാണ് അഭിഭാഷകനായി എൻറോൾ ചെയ്തത്.

അഭിഭാഷകനായി എൻറോൾ ചെയ്യുകയും ബാർ കൗൺസിലിൽ അംഗമാവുകയും ചെയ്തശേഷം വഞ്ചിയൂർ, നെടുമങ്ങാട്, നെയ്യാറ്റിൻകര, ആറ്റിങ്ങൽ കോടതികളിലാണ് പ്രാക്ടീസ് ചെയ്തത്. പ്രീതിമോളുടെ പരാതിയെത്തുടർന്ന് ദീർഘനാളായി നടത്തിയ അന്വേഷണത്തിലാണ് പ്രതി നാടകീയമായി പിടിയിലായത്.

പരാതി സംബന്ധിച്ച് പലഘട്ടത്തിലായി നെയ്യാറ്റിൻകര സ്റ്റേഷൻ ചുമതലയിലുണ്ടായിരുന്ന എസ്ഐമാർ അന്വേഷിച്ചു. ഓരോ എസ്ഐമാരും ഈ കേസ് അന്വേഷിക്കുമ്പോൾ അവർക്കെതിരേ മനുഷ്യാവകാശ കമ്മിഷനിലും ഹൈക്കോടതിയിലും കേന്ദ്ര പോലീസ് കംപ്ലെയ്ന്റ് അതോറിട്ടിയിലും ഇയാൾ കേസ് കൊടുക്കും. ഇതോടെ ഇയാളെ പേടിച്ച് പലപ്പോഴും കേസ് അന്വേഷണം നടക്കാതാകുകയായിരുന്നു. അതിനിടെയാണ് ഓണം ക്രൈംബ്രാഞ്ചിൻ്റെ പിടി പ്രതിയിൽ വീഴുന്നത്.

ബിഹാറിലെ ലോ കോളേജിലും ജയപ്രകാശ് സർവകലാശാലയിലും പോലീസ് എത്തി അന്വേഷണം നടത്തി. അപ്പോഴാണ് സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് അറിഞ്ഞത്. ഡിവൈഎസ്പി ഡി അശോകന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. തുടർന്നാണ് അറസ്റ്റ് നടന്നത്. നേരത്തെ പ്രതി മൈസൂരുവിലെയും ബെംഗളൂരുവിലെയും നഴ്‌സിങ് കോളേജുകളിലെ അഡ്മിഷൻ ഏജന്റായിരുന്നു. ഈ കാലയളവിൽ പരിചയപ്പെട്ട അഭിഷേക് സിങ്ങിൽ നിന്നാണ് വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തിയത്.

പ്രതി ഒന്നരവർഷം മുൻപ് തിരുവനന്തപുരത്തെ പ്രശസ്തമായ സർക്കാർ ആശുപത്രിയിലെ ഡോക്ടറെ വിവാഹം കഴിച്ചിരുന്നു. പ്രതിയെ പിടികൂടുമ്പോൾ ഇരുപതോളം വക്കാലത്തുകൾ കൈവശമുണ്ടായിരുന്നു. പ്രതിക്കെതിരേ പോലീസ് കേസ് ശക്തമാക്കിയപ്പോൾ രണ്ട് പ്രാവശ്യം അഭിഭാഷകർ കോടതി ബഹിഷ്‌കരിച്ച് സമരം നടത്തിയിരുന്നു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

പ്രതി വ്യാജ അഭിഭാഷകനാണെന്ന്‌ തിരിച്ചറിഞ്ഞതോടെ ഇയാൾ വാദിച്ച് ജയിച്ച പല കേസുകളുടെയും ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഈ കേസുകളെക്കുറിച്ച് എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമല്ല. പ്രതി വാദിച്ച് ജയിച്ചവയിൽ സിവിലും ക്രിമിനൽ കേസുകളുമുണ്ടെന്നാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :