ആദ്യമായി ഒരു മനുഷ്യ നിര്‍മ്മിത പേടകം ഇന്ന് വാല്‍നക്ഷത്രത്തില്‍ ഇറങ്ങും

വാല്‍നക്ഷത്രം, ബഹിരാകാശ പേടകം, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി
കുറൂ| VISHNU.NL| Last Modified ബുധന്‍, 12 നവം‌ബര്‍ 2014 (13:52 IST)
മനുഷ്യ നിര്‍മിതമായ ഒരു പേടകം ആദ്യമായി വാല്‍നക്ഷത്രത്തില്‍ ഇറങ്ങുന്ന ചരിത്ര മുഹൂര്‍ത്തം ഇന്ന്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഫിലേ (Philae) പേടകമാണ് ഇന്ന് ചരിത്ര ദൗത്യവുമായി ചുര്യമോവ്-ഗരാസിമെങ്കോ (67-പി) വാല്‍നക്ഷത്രത്തിന്റെ ഉപരിതലത്തിലിറങ്ങുന്നത്.

ഇന്ത്യന്‍ സമയം രാത്രി 9:30 തോടെ പേടകം വാല്‍നക്ഷത്രത്തില്‍ ഇറങ്ങിയ സന്ദേശം ലഭിച്ചേക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. 2004 മാര്‍ച്ച് 2 നാണ് റോസേറ്റ പേടകം ഫ്രഞ്ച് ഗ്വയാനയിലെ കുറൂ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് ചുര്യമോവ്-ഗരാസിമെങ്കോ വാല്‍നക്ഷത്രത്തെത്തേടി യാത്ര തിരിച്ചത്. 600 കോടിയിലേറെ കിലോമീറ്റര്‍ പത്തുവര്‍ഷം സഞ്ചരിച്ചാണ് റോസറ്റ പേടകം വാല്‍ നക്ഷത്രത്തിനു സമീപമെത്തിയത്.

നിലവില്‍ ഭൂമിയില്‍ നിന്ന് 50.9 കോടി കിലോമീറ്റര്‍ അകലെയാണ് വാല്‍നക്ഷത്രവും പേടകവും. ഒന്‍പത് മണിയോടെ പേടകം വാല്‍നക്ഷത്രത്തില്‍ ഇറങ്ങുമെങ്കിലും റേഡിയോ സന്ദേശം ഭൂമിയിലെത്താന്‍ അര മണിക്കൂറോളം താമസിക്കും. വാല്‍നക്ഷത്രത്തിന്റെ ശിരസ്സില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവുള്ള പ്രത്യേക സ്ഥലത്താണ് ഫിലെ പേടകം ഇടിച്ചിറങ്ങുക.

ഒരു ഫ്രിഡ്ജിന്റെ വലിപ്പമാണ് ഫിലെ പേടകത്തിനുള്ളത്. വളരെ ശ്രമകരമായ ദൌത്യമാണ് ഇതെന്നാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇസ) പറയുന്നത്. ഇത്രയും ഇയരത്തില്‍ നിന്ന് കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു പ്രതലത്തിലേക്ക് സുരക്ഷിതമായി പേടകം ഇറക്കുക എന്നത് ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞതാണ്.


വാല്‍നക്ഷത്രത്തിന്റെ പ്രതലം തുരന്ന് പരീക്ഷണങ്ങള്‍ നടത്താന്‍ ശേഷിയുള്ള ഫിലേ ഒരു ചെറുറോബോട്ടാണ്. വാല്‍നക്ഷത്രത്തില്‍നിന്ന് ഫിലേ കുഴിച്ചെടുക്കുന്ന സാമ്പിളുകള്‍ ദൃശ്യപ്രകാശത്തിലും ഇന്‍ഫ്രാറെഡ് വികിരണങ്ങളിലും
വിശകലനം ചെയ്യപ്പെടും. വാല്‍നക്ഷത്രത്തിലെ മൂലകങ്ങളെയും ധാതുക്കളുടെ വിതരണത്തെയും സംബന്ധിക്കുന്ന കൃത്യതയുള്ള ഒരു രാസമാപ്പ് അതിലൂടെ ലഭ്യമാകുമെന്നാണ് കരുതുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് https://play.google.com/store/apps/details?id=com.webdunia.app&hl=en ചെയ്യുക. ഫേസ്ബുക്കിലും https://www.facebook.com/pages/Webdunia-Malayalam/189868854377429?ref=hl ട്വിറ്ററിലും https://twitter.com/Webdunia_Mal പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :