ഐഫോണ്‍ 6 വളയും, പക്ഷേ പെണ്ണ് വളയില്ല!

ബീജിംഗ്| Last Modified ബുധന്‍, 12 നവം‌ബര്‍ 2014 (12:53 IST)
ഐഫോണ്‍ 6 വളയും, പക്ഷേ പെണ്ണ് വളയില്ല. ഐഫോണ്‍ 6 വളയുന്നുവെന്ന് ആരോപണമുയര്‍ന്നപ്പോള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ വൈറലായ ഒരു കമന്റാണിത്. പക്ഷേ സംഭവം ഇപ്പോള്‍ സത്യമായി. ചൈനയിലാണ് സംഭവം. പ്രണയാതുരനായ ഒരു യുവാവ് പ്രണയാഭ്യര്‍ഥനയ്ക്കായി 99 ആപ്പിള്‍ 6 വാങ്ങി. അതായത് ഏകദേശം 53 ലക്ഷം രൂപ മുടക്കിയാണ് യുവാവ് പ്രണയാഭ്യര്‍ഥനയ്ക്ക് തയാറായത്.

ആപ്പിളിന്റെ ഐ ഫോണ്‍ 6, 99 എണ്ണം വാങ്ങി അതുകൊണ്ട് ഹൃദയത്തിന്റെ ചിഹ്നമുണ്ടാക്കി. ഇതിനുശേഷം താന്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയെ അതിനുള്ളില്‍ കൊണ്ടുവന്നു നിര്‍ത്തി. അവനും അതിനുള്ളിലേക്ക് കയറി. ആ ഹൃദയത്തിന് ചുറ്റും അവന്റേയും അവളുടെയും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആകാംക്ഷയോടെ തടിച്ചു കൂടി.

ചിലര്‍ പെണ്‍കുട്ടിയുടെ മറുപടി എന്തായിരിക്കുമെന്ന് നാണയത്തുട്ട് മുകളിലേക്ക് എറിഞ്ഞു നോക്കി. മറ്റു ചിലര്‍ കൈയിലെ നഖങ്ങള്‍ കടിച്ചുവലിച്ചു. ചിലര്‍ രംഗങ്ങള്‍ കാമറയിലും വീഡിയോയിലും പകര്‍ത്തുന്ന തിരക്കിലായിരുന്നു.

ജീന്‍സും ടീഷര്‍ട്ടും അതിനുമുകളില്‍ വെള്ളയില്‍ കള്ളികളുള്ള ഷര്‍ട്ടും ധരിച്ച് പ്രണയാര്‍ദ്രനായ യുവാവ് നിന്നു. അവന്റെ കൈയില്‍ പൂവുകള്‍ നിറച്ച പാത്രവും. മുട്ടുവരെ മാത്രം ഇറക്കമുള്ള നീല സ്‌കര്‍ട്ടും കറുത്ത ജാക്കറ്റും അണിഞ്ഞ് അവളും നിന്നു. കൈയിലിരുന്ന പൂപ്പാത്രം അവന്‍ അവള്‍ക്ക് കൈമാറി. അവള്‍ അത് വാങ്ങി. യുവാവിന്റെ മുഖത്ത് നേരിയ ആശ്വാസം. താന്‍ പകുതി വിജയിച്ചു എന്നൊരു തോന്നല്‍ അവനില്‍ മിന്നിമറഞ്ഞു. പക്ഷേ നിമിഷങ്ങള്‍ക്കുള്ളില്‍ ആ പ്രതീക്ഷ പൊലിഞ്ഞു. വിസമ്മതം പ്രകടിപ്പിച്ച് യുവതു പിന്മാറിയപ്പോള്‍ തന്റെ സ്വപ്നം പൊലിഞ്ഞതിന്റെ ആഘാതത്തിലായിരുന്നു യുവാവ്. ശരാശരി ശമ്പളമുള്ള ഒരു ജോലിക്കാരന്‍ 17 വര്‍ഷം ജോലി ചെയ്താല്‍ മാത്രമേ ഇത്രയും ഐ ഫോണുകള്‍ വാങ്ങാനുള്ള പണം സമ്പാദിക്കാന്‍ കഴിയൂ. അതിനെക്കാള്‍ ഏറെ വിലയുണ്ട് യുവതിയുടെ പ്രണയത്തിനെന്ന് എന്തായാലും നിരാശകാമുകന്‍ പഠിച്ചുകഴിഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :