അഫ്‌ഗാനിലെ ബാഗ്രാം വ്യോമതാവളം ഏറ്റെടുക്കാൻ ചൈന: ആശങ്കയിൽ ഇന്ത്യ

അഭിറാം മനോഹർ| Last Modified വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (20:46 IST)
അഫ്‌ഗാനിസ്ഥാനിലെ വ്യോമത്താവളങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനായി ചൈനയുടെ ഭാഗത്ത് നിന്ന് ശ്രമങ്ങൾ നടക്കുന്നതായി റിപ്പോർട്ട്. ബാഗ്രാം വ്യോമതാവളമുള്‍പ്പെടെയുള്ള സുപ്രധാന കേന്ദ്രങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നത് ഇന്ത്യയ്ക്ക് ആശങ്ക സൃഷ്ടിക്കുന്ന നീക്കമാണെന്നാണ് വിദേശകാര്യ വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.

ഇന്ത്യയെ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് അകറ്റാനും മേഖലയിലെ ഏക ശക്തിയായി മാറാനുമുള്ള ശ്രമത്തിലാണ് ചൈന. ഈ സംശയം ബലപ്പെടുത്തുന്നതാണ് ചൈനയുടെ പുതിയ നീക്കങ്ങൾ. അധിനിവേശകാലത്ത് അമേരിക്കൻ നിയന്ത്രണത്തിലായിരുന്നു ബാഗ്രാം വ്യോമതാവളം. വ്യോമതാവളത്തിന്റെ നിയന്ത്രണം ലഭിക്കുന്നതോടെ പാകിസ്ഥാനെ ശക്തിപ്പെടുത്താനും ആവശ്യമെങ്കിൽ ഇന്ത്യക്കെതിരെ ബേസ് ആയി ഉപയോഗിക്കാനും ചൈനയ്ക്ക് സാധിക്കും.

ഏറെ നാളായി ഇന്ത്യയ്‌ക്കെതിരേ ചൈന പാകിസ്താനെ പിന്തുണയ്ക്കുന്ന നീക്കങ്ങളാണ് നടത്തുന്നത്. നേരത്തെ ജയ്ഷെ മുഹമ്മദ് ഭീകരനായ മസൂദ് അസ്ഹറിനെ ഒരു അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കാന്‍ ശ്രമിച്ചപ്പോള്‍ ചൈന എല്ലായ്‌പ്പോഴും വീറ്റോ അധികാരം ഉപയോഗിച്ച് അതിനെ എതിർത്തിരുന്നു. യുഎസ് സേന അവസാനക്കാലം വരെ ഉപയോഗിച്ചിരുന്ന വ്യോമത്താവളം എന്ന നിലയിൽ സാങ്കേതികമായും പൂര്‍ണമായും വികസിച്ച വിമാനത്താവളമാണ് ബാഗ്രാം. ഇതാണ് ഇന്ത്യയുടെ ആശങ്കകൾ വർധിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :