സാൻ ജുവാൻ|
aparna shaji|
Last Updated:
ശനി, 19 മാര്‍ച്ച് 2016 (16:12 IST)
പെരുമാറ്റ ദൂഷ്യത്തെതുടർന്ന് പ്യൂട്ടോറിക്ക സൗന്ദര്യറാണി ക്രിസ്തലീ കാരിഡെയ്ക്ക് കിരീടം നഷ്ടമായി. പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ ക്യാമറകൾ ഇഷ്ടമല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുകയും പൊതുപരിപാടികളിൽ പങ്കെടുക്കാതെ ഇരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മിസ് പ്യൂട്ടോറിക്ക പട്ടം കാരിഡെയില്‍ നിന്നും തിരികെ വാങ്ങിയത്.
പ്യൂട്ടോ റിക്ക മിസ് യൂണിവേഴ്സ് നാഷണല്‍ ഡയറക്ടര്‍ ഡെസിറീ ലൗറിയും മറ്റ് അധികൃതരും ചേര്‍ന്നാണ് കാരിഡെയില്‍ നിന്നും പട്ടം തിരിച്ചുവാങ്ങാന്‍ തീരുമാനിച്ചത്. പത്രത്തോട് അപമര്യാദയയി പെരുമാറിയത് സംബന്ധിച്ച് ക്ഷമാപണം നടത്താനും അവർ തയ്യാറായില്ലെന്നും ലൗറി അറിയിച്ചു. സൗന്ദര്യ പട്ടം തിരിച്ച് വാങ്ങിയതോടെ മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കുവാനുള്ള അവസരവും കാരിഡെയ്ക്ക് നഷ്ടപ്പെടുകയായിരുന്നു.
എന്നാൽ, പത്രത്തോട് വ്യക്തിപരമായ വൈരാഗ്യമോ എതിർപ്പോ തനിക്കില്ലെന്നും തന്റെ സ്വകാര്യമായ പ്രശനങ്ങളാണ് അവരോടുണ്ടായിരുന്ന മോശം പെരുമാറ്റത്തിന് കാരണമെന്നും ഇത് ആവർത്തിക്കില്ലെന്നും കാരിഡെ അധികൃതരെ അറിയിച്ചെങ്കിലും അവർ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ചെയ്തത്. പെരുമാറ്റ ദൂഷ്യം എന്ന് ആരോപിച്ച് കിരീടം തിരികെ വാങ്ങിയ അധികൃതരുടെ നിലപാടിനോട് തനിക്ക് യോജിക്കാൻ കഴിയില്ലെന്നും കാരിഡെ അറിയിച്ചു.
പെരുമാറ്റ ദോഷത്തിന്റെ പേരില്‍ പ്യൂട്ടോ റിക്കോ സൗന്ദര്യ റാണിയില്‍ നിന്നും പട്ടം തിരികെ വാങ്ങിയ സാഹചര്യത്തിൽ വ്യാഴാഴ്ച നടന്ന പ്രത്യേക പത്രസമ്മേളനത്തിൽ
മിസ് യൂണിവേഴ്സ മത്സരത്തില്‍ പ്യൂട്ടോറിക്കോയെ പ്രതിനിധീകരിക്കുന്ന പുതിയ സൗന്ദര്യറാണിയെ ലൗറി അവതരിപ്പിച്ചു. ബ്രെന്‍ഡ ജിമെനെസ് ആണ് പ്യൂട്ടോറിക്കയെ പ്രതിനിധീകരിച്ച് എത്തുക.