ഭീകരര്‍ എത്രയോഭേദം, അമേരിക്ക ഭീകര രാഷ്ട്രം തന്നെ!

വാഷിംഗ്ടണ്‍| VISHNU.NL| Last Updated: ബുധന്‍, 10 ഡിസം‌ബര്‍ 2014 (10:07 IST)
2001 സെപ്റ്റംബര്‍ പതിനൊന്നിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് സംശയത്തിന്റെ പേരില്‍ പിടികൂടിയ നൂറിലേറെ പേരെ ചോദ്യം ചെയ്ത രീതിയുടെ വിവരങ്ങള്‍ പുറത്ത് വന്നതൊടെ മനുഷ്യാവകാശത്തിന്റെ അപ്പോസ്തലന്മാരെന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്കയുടെ മുഖം‌മൂടികള്‍ അഴിഞ്ഞു വീഴുന്നു. മെച്ചപ്പെട്ട ചോദ്യം ചെയ്യല്‍ തന്ത്രങ്ങളെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സെന്‍ട്രന്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ) നടപ്പിലാക്കിയത് ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളേപ്പോലും നാണിപ്പിക്കുന്ന പീഡനങ്ങളാണെന്ന് റിപ്പോര്‍ട്ടുകള്‍.

സിഐഎ ഉപയോഗിച്ച പീഡന മുറകളെക്കുറിച്ച് അന്വേഷിച്ച സെനറ്റ് സമിതിയുടെ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ക്യൂബയിലെ അമേരിക്കന്‍ നാവിക സേനാ കേന്ദ്രത്തിലെ കൊടിയ പീഡന മുറകളാണ് 499 പേജുകള്‍ വരുന്ന റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നത്. സെപ്റ്റംബര്‍ 11 ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങല്‍ ലഭിക്കാന്‍ ആവശ്യമായ എന്തു മാര്‍ഗവും സ്വീകരിക്കാമെന്ന് നിര്‍ദ്ദേശിച്ച് അമേരിക്കന്‍ സര്‍ക്കാര്‍ 200 ദശലക്ഷം ഡോളര്‍ നല്‍കി കയറൂരിവിട്ട സിഐഎ സംശയം തോന്നിയവരെ പിടികൂടി ബ്ലാക്‌സൈറ്റ്‌സ് എന്നറിയപ്പെടുന്ന രഹസ്യ തടവറകളിട്ട് പീഡിപ്പിക്കുകയായിരുന്നു എന്നാണ് സെനറ്റ് സമിതി കണ്ടെത്തിയത്.

വാസ്തവമില്ലാത്ത കുറ്റസമ്മതങ്ങളിലേക്ക് നയിക്കുന്ന ലോക മഹാ യുദ്ധകാലത്ത് പ്രയോഗിച്ച മുറകളായിരുന്നു ഇവയിലേറേയും. തടവുകാരെ ബന്ധനസ്ഥനാക്കി കണ്ണു കാണാത്ത വിധം മുഖംമൂടി ധരിപ്പിച്ച് ശരീരത്തിലേക്ക് ശക്തമായി വെള്ളം ചീറ്റുന്ന വാട്ടര്‍ ബോര്‍ഡിങ്ങ് മുറയാണ് ഇതില്‍ പ്രധാനം. വെള്ളത്തില്‍ മുങ്ങിമരിക്കുകയാണെന്ന തോന്നലുണ്ടാക്കുന്നതാണ് ഈ മുറ. ചില തടവുകാരെ 183 തവണ വരെ വാട്ടര്‍ ബോര്‍ഡിങ്ങിനു വിധേയരാക്കിയിട്ടുണ്ട്. വെടിയേറ്റ മുറിവുകളും മുറിഞ്ഞ കാലുകളുമായി തടവുകാരെ മണിക്കൂറുകളോളം ഒരേ നിലയില്‍ നിര്‍ത്തി. തടവുകാരെ ഒരാഴ്ച മൂഴുവനും ഉറങ്ങാന്‍ അനുവദിക്കാതെ നീണ്ട തുടര്‍ച്ചയായ ചോദ്യം ചെയ്യലിനിരയാക്കി. ഒരു തടവുകാരെ 66 മണിക്കൂര്‍ ഉറങ്ങാന്‍ അനുവദിക്കാതെ നിന്ന നില്‍പ്പില്‍ നിര്‍ത്തി.

ഒരു ഉപകാരവുമില്ലാത്ത വിവരങ്ങള്‍ ലഭിക്കുന്നതിനായി വൈദഗ്ധ്യമില്ലാത്ത രണ്ട് സൈക്കോളജിസ്റ്റുകളുടെ നേതൃത്വത്തില്‍ സിഐഎ ഏഴു വര്‍ഷക്കാലം തടവുകാരെ പീഡിപ്പിച്ചു.
ചിലരെ ശവപ്പെട്ടിയുടെ വിസ്താരം മാത്രമുള്ള ഇടുങ്ങിയ മുറിയില്‍ 266 മണിക്കൂര്‍ പൂട്ടിയിട്ടു. തടവുകാരെ കയ്യും തലയും കൂട്ടിക്കെട്ടി നഗ്നരാക്കി നടത്തിച്ചു. ചിലരെ തുടരെ അടിച്ചു കൊണ്ട് ഇടനാഴിയിലൂടെ വലിച്ചിഴച്ചു. പീഡന മുറകള്‍ തുടങ്ങിയ ആദ്യ മാസം തന്നെ ഗുരുതരമായി പരിക്കേറ്റ ഒരു തടവുകാരനെ ഗുരുതരമായി പരിക്കേറ്റ് സംസാരശേഷി നഷ്ടപ്പെട്ട് ആശുപത്രിയിലായി. നഗ്നനാക്കി കോണ്‍ക്രീറ്റ് തറയില്‍ ചങ്ങലയ്ക്കിച്ച മറ്റൊരാള്‍ ഹൈപ്പോതെര്‍മിയ പിടിപെട്ട് മരിച്ചു.

തീര്‍ന്നില്ല ഭക്ഷണം കഴിക്കാത്ത തടവുകാരുടെ മലദ്വാരത്തിലൂടെ ഭക്ഷണം കുത്തികയറ്റി പീഡിപ്പിച്ച കഥയും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ചിലരെ മൂക്കിലൂടെ ട്യൂബിട്ടും ഭക്ഷണം കുത്തിക്കയറ്റി. മക്കളെ പീഡിപ്പിക്കുമെന്നും അമ്മമാരെ മുന്നില്‍ കൊണ്ടു വന്ന് ലൈംഗിക പീഡനത്തിനിരയാക്കുമെന്നും തടവുകാരെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. ഇതോക്കെ അനുഭവിച്ച തടവുകാരില്‍ പലരും മാനസിക രോഗികളായി തീര്‍ന്നു. 100 പേരാണ് തടവിലിട്ടിരുന്നതെന്ന് സിഐഎ വാദിച്ചിരുന്നെങ്കിലും 119 പേരെ സെനറ്റ് സമിതി അന്വേഷണത്തില്‍ കണ്ടെത്തി. ലോക മനുഷ്യാവകാശ ദിനത്തില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ അമേരിക്കയെ ലോകത്തിനു മുന്നില്‍ നാണം കെടുത്തിയിരിക്കുകയാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :