അഭിറാം മനോഹർ|
Last Modified ഞായര്‍, 15 ഓഗസ്റ്റ് 2021 (14:27 IST)
അഫ്‌ഗാനിസ്ഥാനിൽ താലിബാനും സുരക്ഷാസേനയും തമ്മിലുള്ള പോരാട്ടം രൂക്ഷമാകുന്നു. അവസാനം ലഭിക്കുന്ന വിവരങ്ങൾ പ്രകാരം
താലിബാൻ ഭീകരർ പ്രധാന നഗരമായ ജലാലബാദും കൈയ്യടക്കിയിരിക്കുകയാണ്. ഏത് നിമിഷവും രാജ്യതലസ്ഥാനമായ കാബൂൾ പിടിച്ചെടുക്കുമെന്ന സ്ഥിതിയാണെന്ന് അന്താരഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ
കാബൂൾ മാത്രമാണ് അഷ്‌റഫ് ഘനിയുടെ നേതൃത്വത്തിലള്ള സർക്കാരിന്റെ അധീനതയിലുള്ളത്. വടക്കൻ പ്രവിശ്യയായ മസർ ഇ ഷരീഫും കാണ്ഡഹാറുമെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ താലിബാൻ ഭീകരർ അധീനപ്പെടുത്തിയിരുന്നു. അഫ്‌ഘാൻ സേന പൊരുതിനിൽക്കുമെന്നും ഇതിനായി സൈന്യത്തെ സജ്ജമാക്കുമെന്നും കഴിഞ്ഞ ദിവസം പ്രസിഡന്റ് അഷ്‌റഫ് ഘനി പറഞ്ഞിരുന്നു. എന്നാൽ അഷ്‌റഫ് ഘനി അമേരിക്കയിലേക്ക് രാഷ്ട്രീയ അഭയം തേടിയേക്കുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.
ജലാലാബാദ് നഗരം പോരാട്ടങ്ങളൊന്നുമില്ലാതെയാണ് താലിബാൻ കീഴടക്കിയതെന്നാണ് റിപ്പോർട്ടുകൾ. അഫ്‌ഘാനിലുള്ള ബാക്കി പൗരന്മാരെ ഒഴിപ്പിക്കാൻ അമേരിക്ക കൂടുതൽ സൈന്യത്തെ അയച്ചു. ലോകം മുഴുവൻ കടുത്ത ആശങ്കയോടെയാണ് അഫ്‌ഘാനിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത്.