"ഞങ്ങൾക്ക് സമാധാനം വേണം" റാഷി‌ദ് ഖാന് പിന്നാലെ അഫ്‌ഗാനിസ്ഥാനിലെ അവസ്ഥ വിവരിച്ച് മുഹമ്മദ് നബി

അഭിറാം മനോഹർ| Last Updated: വ്യാഴം, 12 ഓഗസ്റ്റ് 2021 (15:03 IST)
അഫ്‌ഗാനിസ്ഥാനിലെ താലി‌ബാൻ അതിക്രമങ്ങളിൽ ആശങ്കയറിയിച്ച് അഫ്‌ഗാൻ ക്രിക്കറ്റ് താരം മുഹമ്മദ് നബി. തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് മുൻ ദേശീയ ടീം നായകനായ നബി തന്റെ ആശങ്കകൾ പങ്കുവെച്ചത്.തങ്ങൾക്ക് വേണ്ടത് സഹായമാണെന്നും അഫ്ഗാനിസ്ഥാനെ കുഴപ്പങ്ങളിലേക്ക് കൂപ്പുകുത്താൻ അനുവദിക്കരുതെന്നും അദ്ദേഹം ലോകനേതാക്കളോട് നബി അഭ്യർത്ഥിക്കുകയും ചെയ്‌തു.

ഒരു അഫ്‌ഗാനി എന്ന നിലയിൽ എന്റെ രാജ്യത്തിന്റെ അവസ്ഥ കണ്ട് എന്റെ ചോര പൊടിയുകയാണ്. അഫ്‌ഗാനിസ്ഥാൻ കുഴപ്പങ്ങളിൽ ആണ്ടുപോവുകയാണ്. രാജ്യം വലിയ പ്രതിസന്ധിയിലാണ്. അക്രമങ്ങളും ദുരന്തങ്ങളും ഏറുകയാണ്. കുടുംബങ്ങൾ തങ്ങളുടെ വീടുകൾ വിട്ട് ഭാവിയെപ്പറ്റി യാതൊരു അറിവുമില്ലാതെ കാബൂളിലേക്ക് പോകാൻ നിർബന്ധിതരായിരിക്കുന്നു. ഞാൻ ലോകനേതാക്കളോട് അഫ്‌ഗാനെ കുഴപ്പത്തിലേക്ക് പോകാൻ അനുവദിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.ഞങ്ങ‌ൾക്ക് നിങ്ങളുടെ പിന്തുണ വേണം. ഞങ്ങൾക്ക് സമാധാനം വേണം. മുഹമ്മദ് ന‌ബി കുറിച്ചു.

നേരത്തെ അഫ്‌ഗാൻ ടീമിലെ സൂപ്പർ താരമായ റാഷിദ് ഖാനും സമാനമായ ആവശ്യവുമായി രംഗത്ത് വന്നിരുന്നു. അഫ്ഗാൻ ജനങ്ങൾക്ക് ലോകത്തിന്റെ പിന്തുണ വേണമെന്ന് തന്നെയാണ് റാഷിദും പോസ്റ്റ് ചെയ്‌തിരുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :