2022 ഫിഫ ലോകകപ്പ്: ഖത്തര്‍ 29 കോടി കൈക്കൂലി നല്‍കി

ലണ്ടന്‍| Last Modified ഞായര്‍, 1 ജൂണ്‍ 2014 (15:36 IST)
2022ലെ ലോകകപ്പ് ഫുട്ബോളിന് ആതിഥ്യം വഹിക്കുന്നതിന് പിന്തുണ ലഭിക്കാന്‍ ഖത്തറില്‍ നിന്നുള്ള ഫിഫ അംഗം ഏതാണ്ട് 29 കോടിയോളം രൂപ കൈക്കൂലി നല്‍കിയതായി ബ്രിട്ടീഷ് പത്രമായ സണ്‍ഡേ ടൈംസിന്റെ റിപ്പോര്‍ട്ട്. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് കൂടിയായ മുഹമ്മദ് ബിന്‍ ഹമാം പണം കൈമാറിയതിനുള്ള ലക്ഷക്കണക്കിനുള്ള ഇ-മെയില്‍ സന്ദേശങ്ങളും തങ്ങള്‍ക്ക് ലഭിച്ചതായും പത്രം അവകാശപ്പെട്ടു.

ലോകകപ്പിന് വേദിയാവാന്‍ ഖത്തറിനെ പിന്തുണയ്ക്കുന്നതിന് വിവിധ ഉദ്യോഗസ്ഥര്‍ക്കായിരുന്നു ഹമാം പണം നല്‍കിയത്. ഏതാണ്ട് 11 കോടിയോളം രൂപ മുപ്പതോളം ആഫ്രിക്കന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റുമാരുടെ അക്കൗണ്ടിലേക്ക് ഹമാം കൈമാറുകയായിരുന്നു. ഇതുകൂടാതെ അതിഥി സല്‍ക്കാര പരിപാടികളും സംഘടിപ്പിച്ചു. ഫിഫയുടെ മുന്‍ പ്രസിഡന്റ് ജാക്ക് വാര്‍ണറുടെ നിയന്ത്രണത്തിലുള്ള അക്കൗണ്ടുകളിലേക്ക് 1.6 ലക്ഷം ഡോളറും വോട്ടെടുപ്പിന് മുന്പ് 450,​ 000 ഡോളറും ഇത്തരത്തില്‍ കൈമാറിയെന്നും പത്രം റിപ്പോര്‍ട്ടില്‍ പറയുന്നു.

2018ലെ ലോകകപ്പ് ഫുട്ബോള്‍ റഷ്യയിലും 2022ലേത് ഖത്തറിലും നടത്താന്‍ തീരുമാനം കൈക്കൊണ്ട സമിതിയില്‍ വാര്‍ണറും അംഗമായിരുന്നു. 2011ല്‍ വാര്‍ണര്‍ സമിതിയില്‍ നിന്ന് പടിയിറങ്ങി.

ഹമാമിന്റെ ഉടമസ്ഥതയിലുള്ള കമ്പനി വാര്‍ണര്‍ക്ക് പണം നല്‍കിയെന്ന് ബ്രിട്ടനിലെ മറ്റൊരു പത്രമായ ഡെയ്‌ലി ടെലഗ്രാഫ് രണ്ടു മാസം മുന്പ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് പുതിയ വാര്‍ത്ത പുറത്തു വന്നത്.

ലോകകപ്പ് ഫുട്ബോളിന് ആതിഥ്യം വഹിക്കാന്‍ ഖത്തറിനെ തെരഞ്ഞെടുത്തതിനെതിരെ നേരത്തെ വിവാദങ്ങളും ഉയര്‍ന്നിരുന്നു. വേനല്‍ക്കാലത്ത് 50 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ ഊഷ്മാവ് ഉയരുമെന്നതിനാല്‍ കളിക്കാര്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്നതായിരുന്നു മുഖ്യവിമര്‍ശനം. എന്നാല്‍ 41 ഡിഗ്രി അന്തരീക്ഷ ഊഷ്മാവുള്ളപ്പോഴും 27 ഡിഗ്രി വരെ മാത്രം ചൂടനുഭവപ്പെടുന്ന ഹൈടെക് സ്‌റ്റേഡിയം ഉണ്ടാക്കി പരിഹാരം കാണുമെന്നായിരുന്നു ഖത്തറിന്റെ വാദം. ലോകകപ്പ് ഫുട്‌ബോള്‍ ഖത്തറില്‍ നടത്താന്‍ ഫിഫയെടുത്ത തീരുമാനം മണ്ടത്തരമായെന്ന് പ്രസിഡന്റ് സെപ് ബ്ലാറ്ററും അന്ന് പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :