അഭിറാം മനോഹർ|
Last Modified ബുധന്‍, 9 ഒക്‌ടോബര്‍ 2024 (11:42 IST)
എല്ലാ വര്‍ഷവും ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുന്നു. 1992ല്‍ വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് ആരംഭിച്ച ദിനത്തിന് ഇന്നത്തെ കാലത്ത് പ്രസക്തി ഏറെയാണ്. ജോലിയിലെ മാനസികാരോഗ്യമാണ് ഈ വര്‍ഷത്തെ തീം. നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തെ പോലെ ശ്രദ്ധ നല്‍കേണ്ടതാണ് മനസിന്റെ ആരോഗ്യമെങ്കിലും നമ്മളില്‍ പലരും മാനസികാരോഗ്യത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കാത്തവരാണ്.
10നും 19നും ഇടയില്‍ പ്രായമുള്ള 7 കൗമാരക്കാരില്‍ ഒരാള്‍ ഏതെങ്കിലും തരത്തിലുള്ള മാനസികാരോഗ്യ പ്രശ്‌നം നേരിടുന്നതായാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ ജീവിതശൈലിയില്‍ നമുക്ക് എന്തെല്ലാം മാറ്റങ്ങള്‍ വരുത്താമെന്ന് നോക്കാം.
ദിവസവും ഒരു മണിക്കൂര്‍ വ്യായാമം ചെയ്യുക എന്നതാണ് ഇതില്‍ പ്രധാനം. ഇത് ശാരീരികമായ ആരോഗ്യത്തെ മാത്രമല്ല മാനസികാരോഗ്യവും മെച്ചെപ്പെടുത്തു. വ്യായാമം ചെയ്യുന്നത് വഴി ഓക്‌സിടോസിന്‍ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നതാണ് ഇതിന് കാരണം. ദിവസവും 7 മണിക്കൂര്‍ മുതല്‍ 9 മണിക്കൂര്‍ വരെ ശരിയായ ഉറക്കവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താം. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ സമീകൃത ആഹാരം ഡയറ്റില്‍ ഉള്‍പ്പെടുത്താനും ശ്രദ്ധ നല്‍കണം. കിടക്കുന്നതിന് അര മണിക്കൂര്‍ മുന്‍പെങ്കിലും ഫോണ്‍ ഉപയോഗം നിര്‍ത്താന്‍ ശ്രമിക്കാം. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായി ആരോഗ്യകരമായ ബന്ധം പുലര്‍ത്തുന്നത് മാനസികാരോഗ്യത്തിന് അത്യാവശ്യമാണ്.