അഭിറാം മനോഹർ|
Last Modified ചൊവ്വ, 30 ഏപ്രില്‍ 2024 (14:16 IST)
സംസ്ഥാനമെങ്ങും കൊടും ചൂടിന്റെ പിടിയിലാണ്. പാലക്കാടും തൃശൂരിലും ഉഷ്ണതരംഗം സ്ഥിരീകരിച്ചതോടെ ജനജീവിതം ദുസഹമാണ്. വേനലിനെ പ്രതിരോധിക്കാനായി ഫാന്‍, എസി എന്നിവ ഉപയോഗിക്കുന്നത് വര്‍ധിച്ചതിനാല്‍ തന്നെ വൈദ്യുതോപയോഗം അതിന്റെ പാരമ്യത്തിലാണ്. ലോഡ് ഷെഡിംഗ് ഉടന്‍ തന്നെ ആവശ്യമായി വരുമെന്ന് കെഎസ്ഇബിയും വ്യക്തമാക്കുന്നു. കൊടും ചൂടിന് ശമനത്തിനായി തണുത്തവെള്ളവും ജ്യൂസുമെല്ലാം ആശ്രയിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ ചൂടുക്കാലത്തെ തെറ്റായ ഭക്ഷണശീലങ്ങളും ശരീരത്തിന് ദോഷം ചെയ്യും.ചൂട് കാലത്ത് തെറ്റായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിര്‍ജലീകരണത്തിനും ഹീറ്റ് സ്‌ട്രോക്കിനും കാരണമാകാം. അതിനാല്‍ തന്നെ ചൂട് കാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ അറിയാം
ധാരാളം സോഡിയം അടങ്ങിയ ഭക്ഷണങ്ങള്‍ വേനലില്‍ ഒഴിവാക്കേണ്ടതാണ്. ഇത് നിര്‍ജലീകരണമുണ്ടാക്കും. എരിവ് ഏറിയ ഭക്ഷണങ്ങളും വേനല്‍ക്കാലത്ത് നല്ലതല്ല. എരിവ് ഏറുന്നത് ശരീരത്തിന്റെ താപനില ഉയര്‍ത്തുകയും ശരീരം വിയര്‍ക്കുന്നതിന് കാരണമാകുകയും നിര്‍ജലീകരണം സംഭവിക്കുകയും ചെയ്യുന്നു. അതിനാല്‍ എരിവ് കുറച്ച് ഉപയോഗിക്കുന്നതാണ് നല്ലത്. എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ വയറിന് അസ്വസ്ഥതയുണ്ടാക്കുമെന്നതിനാല്‍ ചൂട് കാലത്ത് ഇത് ഒഴിവാക്കാം. അമിതമായ കൊഴുപ്പുള്ള റെഡ് മീറ്റും ഒഴിവാക്കേണ്ടതാണ്. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക എന്നതാണ് നമുക്ക് ചെയ്യാവുന്ന മറ്റൊരു കാര്യം. ഉയര്‍ന്ന അളവില്‍ പഞ്ചസാരയുള്ള ഭക്ഷണങ്ങള്‍ രക്തത്തിലെ ഷുഗര്‍ ലെവല്‍ ഉയര്‍ത്തും. മദ്യം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവയും വേനലില്‍ ഒഴിവാക്കേണ്ടതാണ്.