സജിത്ത്|
Last Modified വെള്ളി, 13 ഒക്‌ടോബര്‍ 2017 (16:01 IST)
വിഷാദമോ മാനസിക സമ്മര്‍ദമോ പിടിപെട്ടാല്‍ പിന്നെ കൗണ്‍സിലിങ്ങിനെയാണ് മിക്കവരും ആശ്രയിക്കുക. മികച്ചൊരു കൗണ്‍സിലറെ കാണിക്കണമെന്ന നിര്‍ദേശമായിരിക്കും മിക്ക ഡോക്ടര്‍മാരും മുന്നോട്ടുവക്കുക. എന്നാല്‍ വൈദ്യലോകം ഇത്തരം അവസ്ഥകളെ അഭിമുഖീകരിക്കാന്‍ പുതിയ വഴികളും മറ്റുമെല്ലാം തേടിക്കൊണ്ടിരിക്കുകയാണെന്നതാണ് വാസ്തവം.
അതിന്റെ ആദ്യപടിയെന്നോണം വീഡിയോ ഗെയിം കളിക്കുന്നതിലൂടെ വിഷാദമകറ്റാന്‍ സാധിക്കുമെന്നാണ് ന്യൂസിലാന്റിലെ അക്‌ലാന്റ് യൂണിവേഴ്‌സിറ്റിയിലുള്ള ഗവേഷകര്‍ പഠനങ്ങളിലൂടെ കണ്ടെത്തിയിരിക്കുന്നത്. പരമ്പരാഗതമായ മുഖാമുഖ കൗണ്‍സിലിങ്ങിനേക്കാളും വിഡിയോ ഗെയിമിലൂടെ വിഷാദം അകറ്റാന്‍ കഴിയുമെന്നാണ് ഗവേഷകരുടെ അവകാശവാദം.
സ്പാര്‍ക്‌സ് എന്ന പേരിലാണ് ഈ വിഡിയോ ഗെയിം തയാറാക്കിയിരിക്കുന്നത്. ഒരു 3ഡി ആനിമേഷന്‍ ഗെയിമാണ് ഇത്. വിവിധ ജീവിതസാഹചര്യങ്ങളും വെല്ലുവിളികളും എങ്ങനെ രമ്യമായി പരിഹരിക്കാമെന്ന രീതിയിലാണ് ഗെയിം സജ്ജീകരിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബി.എം.ജെ ജേര്‍ണലിലാണ് ഈ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.