സജിത്ത്|
Last Modified വ്യാഴം, 21 ജൂലൈ 2016 (13:00 IST)
വ്യായാമം ചെയ്യാന്‍ തയ്യാറാകുന്ന അധിക സ്ത്രീകളെയും പിന്നോട്ടടിപ്പിക്കുന്ന ഒരു തെറ്റുധാരണയുണ്ട്. വ്യായാമം ചെയ്താല്‍ സ്ത്രീകളുടെ ശരീരം പുരുഷന്റേതുപോലെ മസില്‍ കട്ടപിടിച്ച് ബോറാകുമെന്ന്. ഇതില്‍ വാസ്തവമില്ല. മസിലിന്റെ കരുത്തും വികസനവും പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. സ്ത്രീഹോര്‍മോണായ ഈസ്ട്രജന് ഇതില്‍ പങ്കൊന്നുമില്ല. അതുകൊണ്ട് എത്ര തീവ്രമായി വ്യായാമം ചെയ്താലും സ്ത്രീശരീരത്തില്‍ പുരുഷന്റേതുപോലെ മസില്‍ കട്ടപിടിക്കില്ല, വികസിക്കില്ല. അതേസമയം സ്ത്രീകള്‍ക്ക് വ്യായാമത്തിലൂടെ ശരീരഘടനയിലും കരുത്തിലും പേശികളുടെ ക്ഷമതയിലും സൗന്ദര്യത്തിലും മാറ്റങ്ങള്‍ ഉണ്ടാക്കാനും കഴിയും.
ചെറിയ കുട്ടികളുള്ള അമ്മമാര്‍ക്ക് വ്യായാമം ചെയ്യുന്നതിനായി പലപ്പോളും സമയം കണ്ടെത്താന്‍ കഴിയാറില്ല. കുട്ടികളെ നോക്കാനും അവരുടെ പല കാര്യങ്ങള്‍ക്കുമായിതന്നെ പലപ്പോഴും അവര്‍ക്ക് സമയം തികയാത്തതാണ് ഇതിന് കാരണമാകുന്നത്. ഇത്തരത്തിലുള്ള അമ്മമാര്‍ കുറച്ചു സമയമെങ്കിലും ശരീര സംരക്ഷണത്തിനായി വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്താന്‍ ശ്രദ്ധിക്കണം. അതായത് രാവിലെ നിങ്ങളുടെ ജോലിയില്‍ പ്രവേശിക്കുന്നതിനു മുമ്പോ അല്ലെങ്കില്‍ വൈകുന്നേരം സമയങ്ങളിലോ കുറച്ച് സമയമെങ്കിലും വ്യായാമം ചെയ്യാനായി നീക്കിവെക്കേണ്ടത് അത്യാവശ്യമാണ്.
നിങ്ങള്‍ വ്യായാമം ചെയ്യുന്ന സമയങ്ങളില്‍ അതില്‍ കുട്ടികളെ കൂടി ഉള്‍പ്പെടുത്തുക. ഇതുമൂലം കുട്ടികള്‍ക്ക് ഒരു ഉന്മേഷം ലഭിക്കുകയും അവരുടെ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് അമ്മമാര്‍ക്ക് സമയം ലഭിക്കുകയും ചെയ്യുന്നു. ഡാന്‍സ് പോലെയുള്ള വ്യായാമ രീതികളും യോഗയും ചെയ്യുന്നത് കുട്ടികള്‍ക്ക് സന്തോഷവും താല്പര്യവും നല്‍കുന്ന കാര്യമാണ്. അതുപോലെ തന്നെ ഈ കാലഘട്ടത്തില്‍ പല ജിമ്മുകളിലും കുട്ടികള്‍ക്കായുള്ള രസകരമായ കാര്യങ്ങള്‍ നടത്തുന്നുണ്ട്. ഇത്തരം ജിമ്മില്‍ കുട്ടികളുമായി പോയി വ്യായാമം ചെയ്യുന്നതുമൂലം കുട്ടികള്‍ക്ക് സന്തോഷവും അമ്മമാര്‍ക്കും നല്ല ശരീരവും ലഭ്യമാകുന്നു.
നിങ്ങളുടെ വീട്ടില്‍ തന്നെ ജിം തുടങ്ങുന്നതും തിരക്കുപിടിച്ച അമ്മമാര്‍ക്ക് വ്യായാമം ചെയ്യുന്നതിന് നല്ലൊരു പ്രതിവിധിയാണ്. ഫിറ്റ്നസ്സുമായി ബന്ധപ്പെട്ട പല ഡിവിഡികളും ഓണ്‍ലൈന്‍ എക്സസൈസ് വീഡിയോകളും ഇന്ന് ലഭ്യമാണ്. ഇത് മൂലം പലതരത്തിലുള്ള ഫിറ്റ്നസ് രീതികളും പരസഹായമില്ലാതെ തന്നെ ഒഴിവു സമയങ്ങളില്‍ നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്. അമ്മയായി കഴിഞ്ഞാല്‍ ഒരു സ്ത്രീയും അവരുടെ ഭക്ഷണകാര്യത്തില്‍ വേണ്ടെത്ര ശ്രദ്ധ ചെലുത്താറില്ല. അതുമൂലം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. താഴെ പറയുന്ന ഭക്ഷണങ്ങള്‍ നിത്യവും കഴിക്കേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണ്.
ദിവസവും രാവിലെ ഒന്‍പത് മണിയ്ക്ക് മൂന്ന് മുട്ടയുടെ വെള്ളയും രണ്ട് കഷ്ണം ബ്രെഡും പഞ്ചസാര ചേര്‍ക്കാതെ ഒരു ഗ്ലാസ് പാലും കഴിക്കണം. ഉച്ചയ്ക്ക് ഒരു ബൌള്‍ പപ്പായ. മൂന്ന് മണിക്ക് ഒരു ബൌള്‍ മുളപ്പിച്ച പയറ്. അഞ്ച് മണിക്ക് ഒരു ചപ്പാത്തിയും പരിപ്പു കറിയും അതുപോലെ നാരുള്ള പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച സലാഡുകള്‍. രാത്രി ഏഴു മണിയ്ക്ക് ഒരു ബൌള്‍ വെജിറ്റബിള്‍ സൂപ്പോ അല്ലെങ്കില്‍ ചിക്കന്‍ സൂപ്പോ കുടിക്കുക. അതിനുശേഷം ഒരു ബൌള്‍ ചെമ്പാവു ചോറ് റൈറ്റ ചേര്‍ത്തും കഴിക്കുക. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഏതൊരു അമ്മമാര്‍ക്കും നല്ല ആരോഗ്യവും സൌന്ദര്യവും ലഭിക്കുന്നു.