മൂക്കുത്തി ധരിക്കുന്നത് ഭർത്താവിന്റെ ഐശ്വര്യത്തിന്

നീലിമ ലക്ഷ്മി മോഹൻ| Last Modified ശനി, 7 ഡിസം‌ബര്‍ 2019 (18:35 IST)
സ്ത്രീകള്‍ സാധാരണയായി മൂക്കുത്തി ധരിക്കണമെന്നില്ല. എന്നാല്‍ സ്ത്രീ സൗന്ദര്യത്തെപ്പറ്റിയുള്ള കവികളുടെയും ചിത്രകാരന്മാരുടെയും ചിന്തകളില്‍ മൂക്കുത്തി കടന്നുവരാറുണ്ട്. കല്ലുവച്ച ആഭരണങ്ങളില്‍ മൂക്കുത്തിയ്ക്ക് പ്രഥമ സ്ഥാനമാണുള്ളത്.

മൂക്കിന്‍റെ വലതുഭാഗത്താണ് ദക്ഷിണേന്ത്യന്‍ സ്ത്രീകള്‍ മൂക്കുത്തി ധരിക്കുന്നത്. ഉത്തരേന്ത്യന്‍ സ്ത്രീകള്‍ മൂക്കിന്‍റെ ഇടതുഭാഗത്തും മൂക്കുത്തി ധരിക്കുന്നു. മൂക്കിന്‍റെ ഇരുവശത്തും മൂക്കുത്തി ധരിക്കുന്നവരും ഉണ്ട്.

ഹൈന്ദവാചാരപ്രകാരം അഗ്നിസാക്ഷിയായി വിവാഹം കഴിക്കുന്ന വധു ആ സമയത്ത് മൂക്കു തുളച്ച് മൂക്കുത്തി ധരിച്ചാല്‍ ജീവിതകാലം മുഴുവന്‍ സര്‍വ്വൈശ്വര്യങ്ങളും കൈവരുമെന്നാണ് വിശ്വാസം. വിശ്വാസങ്ങളെയൊക്കെ മാറ്റിനിര്‍ത്തി മൂക്കുത്തിയും ഇപ്പോള്‍ ഫാഷന്‍റെ ഭാഗമായിരിക്കുന്നു.

വിവാഹിതരായ സ്ത്രീകള്‍ ഭര്‍ത്താവിന്‍റെ ഭാഗ്യവും ഐശ്വര്യവും മുന്നില്‍ക്കണ്ട് മൂക്കുത്തി ധരിക്കാറുണ്ട്. ശാസ്ത്രീയമായ ചില കാഴ്ചപ്പാടുകളും മൂക്കുത്തിയെ സംബന്ധിച്ചുണ്ട്.

തമിഴ്നാട്ടിലും കര്‍ണ്ണാടകയിലുമുള്ള സ്ത്രീകള്‍ താമരയുടെയും അരയന്നത്തിന്‍റെയും ആകൃതിയിലുള്ള മൂക്കുത്തികള്‍ ധരിക്കുന്നു. മൂക്കുത്തിക്ക് "നാദ് ' എന്ന് പേരുമുണ്ട്. രാജസ്ഥാനി സ്ത്രീകള്‍ "മാധുരി', "ലാത്കന്‍', "ലാവൂങ് ' തുടങ്ങിയ പേരുകളിലുള്ള മൂക്കുത്തികള്‍ ധരിക്കുന്നു.

പഞ്ചാബികള്‍ ധരിക്കുന്ന മൂക്കുത്തി "ശികാര്‍ പുരിനാദ് ' എന്നറിയപ്പെടുന്നു. ബീഹാറില്‍ "ചുച്ചീ' എന്നറിയുന്ന മൂക്കുത്തികളാണ് ധരിക്കുന്നത്. മഹാരാഷ്ട്രയിലെ മൂക്കുത്തിക്ക് "ഗുച്ചേദാര്‍ നാദ് ' എന്നാണ് പേര്.

ഇന്ത്യയില്‍ മൂക്കുത്തി എന്ന ആഭരണം കൊണ്ടുവന്നത് മുസ്ളീം മതവിഭാഗമാണ്. ആദ്യമായി മൂക്കുത്തി ഉപയോഗിച്ചത് മുസ്ളീം വധുക്കളായിരുന്നു എന്നു പറയപ്പെടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :