രേണുക വേണു|
Last Modified ചൊവ്വ, 17 മെയ് 2022 (15:42 IST)
ഇന്ന് ലോക രക്തസമ്മര്‍ദ ദിനമാണ്. മാറിയ ജീവിതശൈലി ഇന്ന് യുവാക്കളില്‍ പോലും രക്താതിസമ്മര്‍ദത്തിനു കാരണമാകുന്നു. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചേക്കാം. രക്തസമ്മര്‍ദം ഇടവേളകളില്‍ അളക്കുകയും അതിനെ കൃത്യമായി നിയന്ത്രിച്ചു മുന്നോട്ടു കൊണ്ടുപോകുകയുമാണ് നല്ല ആരോഗ്യം ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും ചെയ്യേണ്ടത്.
രക്താതിസമ്മര്‍ദത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍ പലതാണ്. അമിത വണ്ണമുള്ളവരില്‍ രക്താതിസമ്മര്‍ദത്തിനു സാധ്യത കൂടുതലാണ്. കൃത്യമായ വ്യായാമമാണ് അത്തരക്കാര്‍ക്ക് അത്യാവശ്യം. ശരീരഭാരം നിയന്ത്രിച്ചാല്‍ തന്നെ നിരവധി അസുഖങ്ങളെ അകറ്റി നിര്‍ത്താമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
ഉപ്പ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നതും പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ വേണ്ടത്ര ഉള്‍പ്പെടുത്താത്തതും രക്താതിസമ്മര്‍ദത്തിനു കാരണമാകുന്നു. അമിത മദ്യപാനവും അമിതമായി കാപ്പി ഉല്‍പ്പന്നങ്ങള്‍ കുടിക്കുന്നതും ആരോഗ്യത്തിനു ദോഷമാണ്.
രക്താതിസമ്മര്‍ദത്തിനു പ്രധാനപ്പെട്ട കാരണമാകുന്ന മറ്റൊരു കാര്യം കൃത്യമായ ഉറക്കം കിട്ടാത്തതാണ്. രാത്രി വളരെ വൈകി ഉറങ്ങുന്ന ശീലമുള്ളവരില്‍ രക്താതിസമ്മര്‍ദത്തിനു സാധ്യത കൂടുതലാണ്. ഒരു ദിവസം കൃത്യമായ ഉറക്കം കിട്ടേണ്ടത് ശരീരത്തിനു അത്യാവശ്യമാണ്. 65 വയസ്സിനു മുകളിലുള്ളവരിലും രക്താതിസമ്മര്‍ദത്തിനു സാധ്യത കൂടുതലാണ്.
തുടര്‍ച്ചയായി മണിക്കൂറുകള്‍ ഇരുന്ന് തന്നെ ജോലി ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. എട്ട് മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ഇരിക്കുന്നതും ശാരീരിക അധ്വാനങ്ങള്‍ കുറയുന്നതും രക്തസമ്മര്‍ദം കൂട്ടും. കൊഴുപ്പേറിയ ഭക്ഷണവും പുകയില ഉപയോഗവും രക്താതിസമ്മര്‍ദത്തിലേക്ക് നയിക്കും. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നു പറയുന്നതു പോലെ സ്വന്തം ശരീരവും മനസ്സും ആരോഗ്യത്തോടെ പരിരക്ഷിക്കാന്‍ സ്വയം വേണമെന്ന് വയ്ക്കണം. അല്ലെങ്കില്‍ കുറയുന്നത് നിങ്ങളുടെ ആയുസ് തന്നെയാണ് !