ചെന്നൈ|
JOYS JOY|
Last Updated:
വെള്ളി, 1 ഏപ്രില്‍ 2016 (15:39 IST)
ഭയാനകമായ വിധത്തിലാണ് നമ്മുടെ നാട്ടില്‍
വൃക്ക രോഗികളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നത്. രോഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അജ്ഞതയോ രോഗം തിരിച്ചറിയാന്‍ എടുക്കുന്ന കാലതാമസമോ ആണ് ഇത്തരം രോഗങ്ങളെ ഗുരുതരമായ അവസ്ഥകളിലേക്ക് എത്തിക്കുന്നത്. മനുഷ്യശരീരത്തിലെ മാലിന്യങ്ങള്‍ വേര്‍തിരിക്കുന്ന യൂണിറ്റാണ് വൃക്കകള്‍. പയര്‍മണിയുടെ ആകൃതിയില്‍ വയറിന്‍റെ കീഴറ്റത്ത് നട്ടെല്ലിന്റെ ഇരു വശങ്ങളിലുമായാണ് വൃക്കകള്‍ സ്ഥിതി ചെയ്യുന്നത്. രക്തത്തിലെ മാലിന്യങ്ങളെ മൂത്രത്തിന്റെ രൂപത്തില്‍ നീക്കം ചെയ്യുക എന്നതാണ് വൃക്കകളുടെ പ്രധാന ധര്‍മം. യൂറിയ, യൂറിക് ആസിഡ് ചില പ്രോട്ടീനുകള്‍ ചില കോശങ്ങള്‍ മുതലായവയാണ് പ്രധാനമായും വൃക്കകള്‍ അരിച്ചെടുക്കുന്ന മാലിന്യങ്ങള്‍. ശരീരത്തിനാവശ്യമായ ജലാംശം നിലനിര്‍ത്തുക എന്ന കര്‍ത്തവ്യവും വൃക്കകള്‍ക്കുണ്ട്. ശരീരത്തിന്റെ സന്തുലിതാവസ്ഥ കാത്തു സൂക്ഷിക്കുന്നതിലും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതിലുമെല്ലാം വൃക്കകള്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നു. കൂടാതെ ചില ഹോര്‍മോണുകളെയും വൃക്കകള്‍ ഉല്പാദിപ്പിക്കുന്നുണ്ട്.
വൃക്കരോഗം തിരിച്ചറിയാന്‍ വൈകുന്നത് പലപ്പോഴും അപകടത്തിലെത്തിക്കും. ഇരുവൃക്കകള്‍ക്കും തകരാറ് വരുമ്പോള്‍ മാത്രമേ സാധാരണ രോഗം തിരിച്ചറിയാറുള്ളൂ. ഒരു വൃക്കകൊണ്ടു മാത്രം ശാരീരിക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതിനാല്‍ രോഗം പലരും അറിയാറില്ല. അതിനാല്‍ പ്രമേഹം, രക്താതിസമ്മര്‍ദം, അമിതവണ്ണം, കൊളസ്ട്രോള്‍ എന്നിവയുള്ളവര്‍ വൃക്കകളുടെ പ്രവര്‍ത്തനം പരിശോധിപ്പിക്കുന്നത് രോഗശമനത്തിന് സഹായകമാകും. വൃക്കയില്‍ കല്ലുണ്ടാകുന്നത് സാധാരണ രോഗമാണ്. കാത്സ്യം ലവണങ്ങള്‍ അടിഞ്ഞുകൂടിയോ യൂറിക് ആസിഡ് കട്ടപിടിച്ചോ ഉണ്ടാകുന്നവയാണ് കല്ലുകള്‍. വൃക്കയില്‍ കല്ലു രൂപപ്പെടുന്നത് ആദ്യം പുറമേ അറിയില്ല. അടിവയറ്റില്‍ വേദന അനുഭവപ്പെടുമ്പോഴാണ് തിരിച്ചറിയുക. കല്ലുള്ളവര്‍ രാസവസ്തുക്കള്‍ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കണം.
വൃക്കരോഗങ്ങളുടെ ലക്ഷണങ്ങള്‍ തുടക്കത്തിലേ കണ്ടെത്തുക എന്നത് എളുപ്പമല്ല. എന്നാല്‍ ചില ലക്ഷണങ്ങള്‍ മനസ്സിലാക്കുകയും അവ കാണപ്പെടുമ്പോള്‍ വിദഗ്ധപരിശോധന നടത്തുകയും ചെയ്‌താല്‍ പലപ്പോഴും അസുഖം ഗുരുതരമാകാതെ രക്ഷ നേടാന്‍ സാധിക്കും. മരുന്നിന്‍റെ കൃത്യമായ ഉപയോഗവും ജീവിത ശൈലിയില്‍ വരുത്തുന്ന ആവശ്യമായ ഭേദഗതികളും രോഗം ഫലപ്രദമായി ചികിത്സിച്ചു ഭേദമാക്കുവാന്‍ സഹായിക്കും. ജന്മന ഉള്ള വൃക്കരോഗങ്ങള്‍ കുഞ്ഞുങ്ങളില്‍ കൂടുതലായി കണ്ടു വരുമ്പോള്‍ പാരമ്പര്യം മൂലമുള്ളവ ചെറുപ്പ കാലത്തും, കൗമാരപ്രായത്തിലുമാണ് കാണുന്നത്.
ധാരാളം വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തില്‍ എപ്പോഴും ജലത്തിന്റെ സാന്നിധ്യം ഉണ്ടാകും. ശരീരത്തിലെ ടോക്‌സിനുകള്‍ അഥവാ പ്രതിവിഷങ്ങളെ പുറംതള്ളാനും ഇതുവഴി സാധിക്കും. ശരീരത്തില്‍ രക്തത്തിന്റെ അളവ് നിലനിര്‍ത്താനും ദഹനപ്രക്രിയ സുഗമമാക്കാനും ശരീരത്തിലെ താപം നിയന്ത്രിക്കാനുമൊക്കെ ധാരാളം വെള്ളം കുടിക്കുന്നതിലൂടെ സാധ്യമാകും.
ജ്യൂസുകള്‍ ധാരാളം ജലത്തെ ശരീരത്തിലേക്ക് കടത്തിവിടുകയും ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യുന്ന ഒന്നാണ്. എന്നാല്‍ കിഡ്‌നിരോഗമുള്ളവര്‍ ചീര, ബീറ്റ്‌റൂട്ട് എന്നിവ കൊണ്ടുള്ള ജ്യൂസ് പരമാവധി ഒഴിവാക്കേണ്ടതാണ്. എന്തെന്നാല്‍ അവയിലടങ്ങിയ ഓക്‌സാലിക് ആസിഡ് വൃക്കയില്‍ കല്ല് വരുന്നതിന് പ്രധാന കാരണമാകുന്ന ഘടകമാണ്. വൃക്കരോഗികള്‍ തേങ്ങാവെള്ളം കുടിക്കുന്നത് ഉത്തമമാണ്. കൂടാതെ ചായ, കാപ്പി പോലുള്ള പാനീയങ്ങള്‍ പരമാവധി ഒഴിവാക്കുന്നതും ഫാസ്റ്റ്ഫുഡ് കഴിക്കാതിരിക്കുന്നതും നല്ലതാണ്.
ആഹാരത്തില്‍ പയര്‍, കടല, മാംസം, മുട്ട, പാല്‍ മുതലായ അമിതപ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ഒഴിവാക്കുന്നത് ആവശ്യമാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന പ്യൂരിന്‍ എന്ന പ്രകൃതിദത്ത പദാര്‍ത്ഥം ദഹനസമയത്ത് യൂറിക് ആസിഡായി പരിണമിക്കുകയും കിഡ്നിസ്റ്റോണിനു കാരണമാകുകയും ചെയ്യുന്നു. ഉപ്പിന്റെ ഉപയോഗം ദിവസം അഞ്ചുഗ്രാമില്‍ താഴെയായിരിക്കണം. ഉപ്പിന്റെ ഉപയോഗം ഭക്ഷണത്തില്‍ സോഡിയത്തിന്റെ അളവ് വര്‍ധിപ്പിക്കും. അത് രക്തസമ്മര്‍ദ്ദം ഉണ്ടാക്കുക മാത്രമല്ല മറിച്ച് വൃക്കയില്‍ കല്ലുണ്ടാകുന്നതിനും കാരണമാകുകയും ചെയ്യും.
നിയന്ത്രിതമായ വ്യായാമം പതിവാക്കുക. വൃക്കരോഗങ്ങള്‍ക്ക് പൊണ്ണത്തടിയുമായി വളരെയധികം ബന്ധമുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. വണ്ണം വര്‍ധിക്കുംതോറും വൃക്കരോഗങ്ങള്‍ക്കുള്ള സാധ്യതയും ഏറും. അതിനാല്‍ ആരോഗ്യകരമായ ഭക്ഷണരീതിയോടൊപ്പം വ്യായാമവും ശീലിക്കുന്നത് അമിതവണ്ണം കുറക്കുകയും അതുവഴി വൃക്കരോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
മരുന്ന് അറിവില്ലായ്മയോടെ കഴിക്കുന്നതും അമിത അളവില്‍ കഴിക്കുന്നതുമെല്ലാം വൃക്കയില്‍ ടോക്‌സിനുകളുടെ അളവ് വര്‍ദ്ധിപ്പിക്കും. ഇതും വൃക്കയുടെ പ്രവര്‍ത്തനത്തെ താറുമാറിലാക്കും. കുടുംബത്തില്‍ ആര്‍ക്കെങ്കിലും വൃക്കരോഗം ഉള്ളവര്‍ക്കു ഭാവിയില്‍ രോഗസാധ്യത കൂടുതലാണ്. അവര്‍ യഥാസമയം വേണ്ട പരിശോധനകള്‍ നടത്തുകയും ചിട്ടകള്‍ പാലിക്കുകയും ചെയ്യേണ്ടതാണ്.
വീട്ടുവൈദ്യങ്ങളിലൂടെയും കിഡ്‌നി സ്റ്റോണ്‍ ഇല്ലാതാക്കാം. മുന്തിരി, ആപ്പിള്‍, തണ്ണിമത്തങ്ങ, ബീന്‍സ്, ശതാവരി തുടങ്ങിയവ കഴിക്കുന്നതിലൂടെ കിഡ്‌നി സ്റ്റോണ്‍ ഇല്ലാതാക്കാം. തുളസിയില ഇട്ട വെള്ളം കുടിക്കുന്നതും നല്ലതാണ്. ഇത് കിഡ്‌നി സ്‌റ്റോണ്‍ അലിയിച്ചു കളയുന്നു.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം