‘സോയ ഫാക്ടർ‘ അഥവാ ‘ദ ഡിക്യു ഫാക്ടർ‘, ബോളിവുഡ് കീഴടക്കി ദുൽഖർ !- റിവ്യു

എസ് ഹർഷ| Last Modified വെള്ളി, 20 സെപ്‌റ്റംബര്‍ 2019 (16:44 IST)
ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ബോളിവുഡ് ചിത്രം ദ സോയ ഫാക്ടറിന് മികച്ച പ്രതികരണം. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സോനം കപൂര്‍ ആണ് നായിക. തന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായ ദ സോയ ഫാക്ടറില്‍ ക്രിക്കറ്റ് താരത്തിന്റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്.

1983-ല്‍ ഇന്ത്യ ലോക കപ്പ് നേടിയ ദിവസം ജനിച്ച സോയ സൊളാങ്കിയെ വരുന്ന ലോക കപ്പ് ജയിക്കാന്‍ ലക്കി ചാമായി തിരഞ്ഞെടുക്കുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരങ്ങളായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ് ലഭിക്കുന്ന ദിവസം ജനിച്ച പെൺകുട്ടി, ഒരു പ്രത്യേക ക്ഷണ പ്രകാരം ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ എത്തുന്നതും പിന്നീട് ഇന്ത്യയുടെ ഭാഗ്യമായി കണക്കാക്കപ്പെടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. 2008-ല്‍ പ്രസിദ്ധീകരിച്ച അനുജാ ചൗഹാന്‍ രചിച്ച ‘ദി സോയാ ഫാക്റ്റര്‍’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.’

റൊമാന്റിക് - കോമഡി ജോണറിലുള്ള ചിത്രത്തിന്റെ പ്ലസ് പോയിന്റ് ദുൽഖർ സൽമാൻ തന്നെയാണെന്ന് ബോളിവുഡും സമ്മതിക്കുന്നു. ലോകത്തിലെ ഏറ്റവും നിർഭാഗ്യവതിയായ പെൺകുട്ടി താനാണെന്ന് സ്വയം കരുതുന്ന സോയ സോളങ്കി എന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. പരസ്യ കമ്പനിയിൽ വർക്ക് ചെയ്യുന്ന സോയക്ക് ഇതിനിടയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമുമായി പരസ്യം ഷൂട്ട് ചെയ്യാൻ അവസരം ലഭിക്കുകയും ടീം ക്യാപ്റ്റനായ നിഖിൽ കോഡ(ദുൽഖർ സൽമാൻ)യെ പരിചയപ്പെടുകയും ചെയ്യുന്നതോടെയാണ് കഥ മാറുന്നത്. സോയ ജനിച്ചത് കൊണ്ടാണ് ഇന്ത്യൻ ടീം ജയിച്ചതെന്നാണ് അവളുടെ പിതാവ് വിശ്വസിക്കുന്നത്. എന്നാൽ, ആ ഭാഗ്യമൊന്നും അവളുടെ ജീവിതത്തിൽ സംഭവിച്ചിട്ടില്ല. ഇന്ത്യൻ ടീമിനെ കണ്ടുമുട്ടുന്നത് വരെ!.

ടീമിന്റെ ക്ഷണപ്രകാരം ഡിന്നറിനെത്തുന്ന സോയ തന്റെ ജന്മ രഹസ്യം അവരുമായി പങ്കു വെയ്ക്കുകയും ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ് ലഭിക്കുന്ന ദിവസം ജനിച്ചതാണെന്ന സത്യം പറയുകയും ചെയ്യുന്നു. സമ്മർദ്ദമേറിയ സാഹചര്യത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്ന ടീം ഇതിനുശേഷം മികച്ച വിജയം കൈവരിക്കുന്നതോടെ സോയയുടെ സാന്നിധ്യമാണ് ഇതിനു കാരണമെന്ന് വിശ്വസിക്കുന്നു. ഭാഗ്യത്തിൽ വിശ്വസിക്കുന്ന ഒരു കൂട്ടർ ഒരു കരയിലും കഠിനാധ്വാനത്തിൽ വിശ്വസിക്കുന്ന നായകൻ മറ്റൊരു കരയിലും സഞ്ചരിക്കുന്ന സിനിമയുടെ മുഖം പെട്ടന്ന് തന്നെ മാറുന്നു.

സോനം കപൂറിന്റെ അഭിനയം ചിലയിടങ്ങളിൽ കല്ലുകടിയായി ഫീൽ ചെയ്യും. കഥാപാത്രം ആവശ്യപ്പെടുന്നതിലും കൂടുതൽ ഭാവങ്ങൾ സോനം നൽകുന്നതായി ഇടയ്ക്ക് അനുഭവപ്പെടുന്നുണ്ട്. വളരെ ചിൽ ആയ എനർജറ്റിക് പെർഫോമൻസ് തന്നെയാണ് സോനയുടേത്. ഇമോഷണൽ രംഗങ്ങളിൽ അതേ ഫീൽ പ്രേക്ഷകരിലേക്ക് പടർത്താനും താരത്തിനു കഴിയുന്നുണ്ട്.

ദുൽഖർ സൽമാന്റെ പ്രകടനവും എടുത്ത് പറയേണ്ടതാണ്. ഹിന്ദിയിലേക്കുള്ള തന്റെ രണ്ടാം വരവ് താരം വെറുതേയാക്കിയില്ല എന്ന് വേണം പറയാൻ. ഇരുവരുടെയും കെമിസ്ട്രിയും മനോഹരമാണ്. ദുൽഖറിന്റെ പ്രകടനം ചിലയിടങ്ങളിൽ സോനത്തേക്കാൾ കംഫർട്ടബിൾ ആയിരുന്നു എന്ന് വേണം പറയാൻ. എന്നാൽ, സാഹചര്യങ്ങൾക്കോ കഥാസന്ദർഭങ്ങൾക്കോ അനുസരിച്ചുള്ള പാട്ടുകൾ ആയിരുന്നില്ല ഒന്നും.

ഭാഗ്യത്തിൽ മാത്രം വിശ്വസിച്ചാൽ ജീവിതത്തിൽ ഒന്നും നേടാൻ കഴിഞ്ഞെന്ന് വരില്ല. ഭാഗ്യം താൽക്കാലികമാണ്. എന്നാൽ, കഠിനാധ്വാനത്തിനൊപ്പം ഭാഗ്യവും ഉണ്ടെങ്കിൽ ജീവിതത്തിൽ, ചെയ്യുന്ന തൊഴിലിൽ എന്നും വിജയം കൈവരിക്കാൻ കഴിയുമെന്ന നല്ലൊരു സന്ദേശവും ചിത്രം പറഞ്ഞുവെയ്ക്കുന്നുണ്ട്. ഒരു തവണ കണ്ടിരിക്കാൻ കഴിയുന്ന ഒരു സിനിമാഅനുഭവം തന്നെയാണ് സോയ ഫാക്ടർ.

(റേറ്റിംഗ്:3/5)
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :