അനില്‍ ബെഞ്ചമിന്‍|
Last Updated:
വ്യാഴം, 20 സെപ്‌റ്റംബര്‍ 2018 (13:12 IST)
ഫഹദ് ഫാസിലിന്‍റെ സിനിമകള്‍ പ്രവചനാതീതമായ വഴികളിലൂടെ സഞ്ചരിക്കുന്നവയാണ്. പ്രത്യേക ജോണറില്‍ പെടുത്താവുന്ന സിനിമകള്‍ക്ക് പിന്നാലെയല്ല ഈ നടന്‍റെ സഞ്ചാരം. അമല്‍ നീരദ് എന്ന സംവിധായകനാകട്ടെ വ്യത്യസ്തമായ കാഴ്ചകള്‍ക്കായി എപ്പോഴും ശ്രമിക്കുന്നയാളും. ഇരുവരും വീണ്ടും ഒത്തുചേരുന്നു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മില്‍ ഉണരുന്ന ഒരു ആകാംക്ഷയുണ്ട്. ആ ആകാംക്ഷയും പ്രതീക്ഷയും കൈവിടാതെ ഒരു അടിപൊളി ത്രില്ലറാണ് ‘വരത്തന്‍’ എന്ന ചിത്രത്തിലൂടെ അമല്‍ നീരദും ഫഹദും സമ്മാനിച്ചിരിക്കുന്നത്.
ദുബായ് നഗരത്തിലാണ് സിനിമയുടെ തുടക്കം. എബി(ഫഹദ്)യുടെ ഭാര്യ പ്രിയ(ഐശ്വര്യ ലക്ഷ്മി)യ്ക്ക് ഒരു ആരോഗ്യപ്രശ്നമുണ്ടാകുന്നു. അവര്‍ കേരളത്തില്‍ പ്രിയയുടെ ഒരു ബന്ധുവിന്‍റെ എസ്റ്റേറ്റിലേക്ക് കുറച്ചുകാലം മാറിത്താമസിക്കാന്‍ തീരുമാനിക്കുന്നു. അവര്‍ നാട്ടിലെത്തുന്നതോടെ പ്രശ്നങ്ങളും ആരംഭിക്കുന്നു.
ഒരു വരത്തനെ(അന്യനാട്ടുകാരന്‍)യും ഭാര്യയെയും നാട്ടുകാര്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന്‍റെ വയലന്‍റായ ചിത്രീകരണമാണ് പിന്നീട്. പ്രിയയുടെ ഭൂതകാലമാണ് ആ വിദ്വേഷക്കാര്‍ കരുവാക്കുന്നത്.
തികച്ചും നാഗരികനായ ഒരു മനുഷ്യനാണ് ഫഹദ് അവതരിപ്പിക്കുന്ന എബി. ഒരു ഗ്രാമത്തിലെ പരുക്കന്‍ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ അയാള്‍ക്ക് വഴക്കം ലഭിക്കുന്നില്ല.
മായാനദിക്ക് ശേഷം ഡെപ്‌തുള്ള ഒരു കഥാപാത്രമായി ഐശ്വര്യ ലക്ഷ്മി വീണ്ടും വിസ്മയിപ്പിക്കുകയാണ് വരത്തനില്‍. ഫഹദ് ഫാസില്‍ മൈന്യൂട്ടായിട്ടുള്ള വികാരപ്രകടനങ്ങളിലൂടെ സ്ക്രീനില്‍ അത്ഭുതം സൃഷ്ടിക്കുന്നു.
പഴയ അമല്‍ നീരദിനെ ഈ സിനിമയില്‍ എവിടെയും കാണാനാവില്ല. തിരക്കഥ ആവശ്യപ്പെടുന്ന രീതിയിലുള്ള മേക്കിംഗാണ് അമല്‍ വരത്തനില്‍ കൈക്കൊണ്ടിരിക്കുന്നത്. നവാഗതരായ സുഹാസിന്‍റെയും ഷറഫുവിന്‍റെയും തിരക്കഥ ഗ്രിപ്പിംഗാണ്.
ലിറ്റില്‍ സ്വയമ്പിന്‍റെ ബ്രില്യന്‍റ് ക്യാമറാചലനങ്ങള്‍ വരത്തനെ ഒരു അമേസിങ് ത്രില്ലറാക്കി മാറ്റുന്നു. സുഷിന്‍ ശ്യാമിന്‍റെ സംഗീതം സിനിമയെ അനുഭൂതിദായകമായ മറ്റൊരു തലത്തിലെത്തിക്കുന്നു.
രണ്ടുമണിക്കൂര്‍ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള വരത്തന്‍ കാഴ്ചക്കാരെ ഒരു നിമിഷം പോലും ബോറടിപ്പിക്കില്ല. ത്രില്ലര്‍ ഇഷ്ടമുള്ള പ്രേക്ഷകര്‍ക്ക് ഇതൊരു പുതിയ അനുഭവമായിരിക്കും.
ഇനി ക്ലൈമാക്സിന്‍റെ കാര്യം പറയാം. മലയാള സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത, ഞെട്ടിക്കുന്ന, അമ്പരപ്പിക്കുന്ന ക്ലൈമാക്സാണ് വരത്തന്‍റേത്. അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക.
റേറ്റിംഗ്: 4/5