പൊറിഞ്ചു മറിയം‌ ജോസ് Review: മാസും ക്ലാസും ചേർന്ന കട്ടകലിപ്പൻ പടം, വെടിക്കെട്ട് സിനിമ!

ബോക്സോഫീസ് തൂഫാൻ ആക്കാൻ പൊറിഞ്ചുവും ജോസും, കട്ടയ്ക്ക് കൂടെ നിന്ന് മറിയം !

എസ് ഹർഷ| Last Updated: വെള്ളി, 23 ഓഗസ്റ്റ് 2019 (15:03 IST)
സംവിധായകൻ ജോഷിയുടെ ചിത്രത്തിൽ ജോജു ജോർജ്, ചെമ്പൻ വിനോദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്ന അനൌൺസ്മ്ന്റിലൂടെയാണ് പൊറിഞ്ചു മറിയം ജോസ് ശ്രദ്ധേയമാകുന്നത്. കാത്തിരിപ്പിനൊടുവിൽ ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.

ഒരു നാടിന്റെയും ആലപ്പാട്ട് തറവാടിന്റെയും പള്ളിപ്പെരുനാളിന്റെയും ഒക്കെ പശ്ചാലത്തില്‍ ആണ് പൊറിഞ്ചു മറിയം ജോസ് ഒരുക്കിയിട്ടുള്ളത്. പൊറിഞ്ചു, അവന്റെ കൂട്ടുകാരൻ ആയ ജോസ്, കാമുകി ആയ മറിയം എന്നിവരിലൂടെ ആണ് കഥ മുന്നോട്ട് പോവുന്നത്. പൊറിഞ്ചുവായി ജോജു ജോർജ്, മറിയമായി നൈല ഉഷ, ജോസായി ചെമ്പൻ വിനോദ് എന്നിവരാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്.

1985 കളിലെ തൃശൂരിൽ നടക്കുന്ന പളളി പെരുന്നാളിലെ ചില സംഭവ വികാസങ്ങളെയും പോറിഞ്ചുവിന്റെയും ജോസിന്റെയും മറിയയുടെയും ജീവിതത്തിൽ അത് വരുത്തുന്ന മാറ്റങ്ങളും ആയി കഥ മുന്നോട്ട് പോവുന്നു. ജോജുവെന്ന നടനെ അടുത്തകാലത്തായി മലയാള ഉപയോഗിച്ച് വരുന്ന രീതി അസാധ്യമാണ്. മുഖത്ത് വിരിയുന്ന ഓരോ ഭാവങ്ങളും എടുത്ത് പറയേണ്ടതാണ്. ദേശീയ തലത്തിൽ പ്രത്യേക പരാമർശം ലഭിച്ച ജോജുവിനിൽ നിന്നും ഒരു ഹൈ ലെവൽ പെർഫോമൻസ് ആണ് പ്രേക്ഷർ പ്രതീക്ഷിക്കുക. അതിനു കോട്ടം വരുത്താത്ത പ്രകടനമായിരുന്നു ജോജുവിന്റേത്. കാട്ടാളൻ പൊറിഞ്ചുവിന്റെ ആക്ഷൻ സീനുകൾ അസാധ്യം തന്നെ. പേര് കേട്ടാൽ പോലും ആളുകൾ തിരിച്ചറിയുന്ന റഫ് ആൻഡ് ടഫ് കഥാപാത്രമാണ് കാട്ടാളൻ പൊറിഞ്ചു.

കാട്ടാളൻ പൊറിഞ്ചുവിന് പോന്ന പെണ്ണ് ആണ് ആലപ്പാട് മറിയം (നൈല ഉഷ). മുന്നിൽ വരുന്നവനെ വലിപ്പ ചെറുപ്പമില്ലാതെ ചോദ്യം ചെയ്യാനും ആരേയും കൂസാതെ നടക്കുന്ന മറിയം തിയേറ്ററുകളിൽ കൈയ്യടി നേടുന്നു. ജോഷിയുടെ സിനിമകളിൽ കണ്ടിട്ടില്ലാത്ത സ്ത്രീശബ്ദമാണ് മറിയത്തിന്റേത്.

മറിയത്തിനും പൊറിഞ്ചുവിനും ഒപ്പം പുത്തൻ പള്ളി ജോസിന്റെ അഭിനയവും പ്രേക്ഷകനെ സിനിമയോട് അടുപ്പിക്കുന്നു. ജോസിന്റെ ഡിസ്കോ ഡാൻസ് പ്രേക്ഷകർക്ക് കൗതുകമേകി. ജോജുവിനൊപ്പം കട്ടയ്ക്ക് നിൽക്കുന്ന കഥാപാത്രം തന്നെയാണ് ചെമ്പൻ വിനോദിന്റേതും. ഇവർക്ക് പുറമേ വിജയ രാഘവൻ, സുധി കോപ്പ എന്നിവരുടെ പ്രകടനങ്ങളും എടുത്തു പറയേണ്ടത് തന്നെ.

ജെയ്ക്സ് ബിജോയ്യ് ഒരുക്കിയ പാട്ടുകൾ അത്ര മികച്ചതല്ലെങ്കിലും പശ്ചാത്തല സംഗീതം ചേരുന്നതും മികവുറ്റതും ആയിരുന്നു. എടുത്തു പറയേണ്ടത് അജയ് ഡേവിഡ്‌ കാച്ചപ്പിള്ളിയുടെ സിനിമാട്ടോഗ്രഫി തന്നെയാണ്. അതി മനോഹരമായ ഫ്രയിമുകൾ ചിത്രത്തിലുടനീളം കാണാൻ സാധിക്കും. ചിത്രത്തിന്റെ ഓരോ നിമിഷവും മികവാർന്ന ഒരു കാഴ്ച്ച അനുഭവം ആക്കുന്നതിൽ അജയുടെ ക്യാമറ വഹിക്കുന്ന പങ്ക് ചെറുതല്ല. ജോഷി മനസിൽ ഉദ്ദേശിക്കുന്ന ഓരോ ഷോട്ടും അതിമനോഹരമായി തന്നെ അജയ് അഭ്രപാളിയിൽ എത്തിച്ചിരിക്കുകയാണ്.


ആകെ മൊത്തത്തിൽ ഒരു വെടിക്കെട്ട് സിനിമ കണ്ടിറങ്ങിയ ഫീൽ. കുറ്റം പറയാൻ ഇല്ലാത്ത കിടിലൻ മേക്കിങ്ങും. മൊത്തതിൽ വളരെ മികച്ച പെർഫോമൻസ് കൊണ്ടും എടുത്തിരിക്കുന്ന രീതി കൊണ്ടുമെല്ലാം നമ്മളെ പിടിച്ചിരുതാൻ പോന്ന ഒരു അടാറ് ഫിലിം തന്നെയാണ് പൊറിഞ്ചു മറിയം ജോസ്. ജോഷി എന്ന സംവിധായകന്റെ കൈയ്യൊപ്പ് പതിഞ്ഞ മാന്ത്രിക സിനിമ.
(റേറ്റിംഗ്: 3.5/5)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :