I Am Kathalan Social Media Review: 'പ്രേമലു' പോലെ പൊട്ടിച്ചിരിപ്പിക്കുമോ? 'ഐ ആം കാതലന്‍' ആദ്യ പ്രതികരണങ്ങള്‍ പുറത്ത്

ഒരു മണിക്കൂറും 51 മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം. എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ വിഷ്ണു എന്ന കേന്ദ്ര കഥാപാത്രത്തെയാണ് നസ്ലന്‍ ഈ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്

I Am Kathalan
രേണുക വേണു| Last Modified വ്യാഴം, 7 നവം‌ബര്‍ 2024 (15:55 IST)
I Am Kathalan

I Am Kathalan Social Media Review: തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, പ്രേമലു എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത 'ഐ ആം കാതലന്‍' തിയറ്ററുകളില്‍. ആദ്യ ഷോ കഴിയുമ്പോള്‍ പോസിറ്റീവ് പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. പ്രേമലുവിന് മുന്‍പ് ഷൂട്ടിങ് പൂര്‍ത്തിയാക്കുകയും എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ റിലീസ് വൈകുകയും ചെയ്ത ചിത്രമാണ് ഐ ആം കാതലന്‍. മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി മുഴുനീള കോമഡി ട്രാക്കിലല്ല ഗിരീഷിന്റെ പുതിയ സിനിമ പോകുന്നതെന്ന് പ്രേക്ഷകര്‍ പറയുന്നു. എന്നാല്‍ വളരെ ലളിതമായും പ്രേക്ഷകരെ പൂര്‍ണമായി എന്‍ഗേജ് ചെയ്യിപ്പിക്കുന്ന വിധത്തിലും ഗിരീഷ് 'ഐ ആം കാതലന്‍' ഒരുക്കിയിട്ടുണ്ടെന്നാണ് ആദ്യ ഷോയ്ക്കു ശേഷമുള്ള പ്രതികരണം.

ഒരു മണിക്കൂറും 51 മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം. എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ വിഷ്ണു എന്ന കേന്ദ്ര കഥാപാത്രത്തെയാണ് നസ്ലന്‍ ഈ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. പരീക്ഷയില്‍ പിന്നില്‍ പോകുമെങ്കിലും സാങ്കേതികതയില്‍ മികച്ചുനില്‍ക്കുന്ന എഞ്ചിനീയറിങ് വിദ്യാര്‍ഥിയാണ് വിഷ്ണു. ഈ കഥാപാത്രത്തെ ചുറ്റിപറ്റിയാണ് സിനിമ മുന്നോട്ടു പോകുന്നത്. പ്രേമലു പോലെ മുഴുനീള കോമഡിയല്ല ചിത്രത്തിലേത്. സൈബര്‍ ത്രില്ലിങ് സ്വഭാവമുള്ള സിനിമയില്‍ ട്വിസ്റ്റുകള്‍ക്കും ഇമോഷണല്‍ രംഗങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ട്. ഹാക്കിങ്ങുമായി ബന്ധപ്പെട്ട ഭാഗങ്ങളെ വളരെ കൈയടക്കത്തോടെയാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും ആദ്യ ഷോയ്ക്കു ശേഷം പ്രേക്ഷകര്‍ പറയുന്നു.

തിയറ്ററില്‍ കുടുംബവും സുഹൃത്തുക്കളുമായി ആസ്വദിക്കാവുന്ന തരക്കേടില്ലാത്ത സിനിമാറ്റിക് എക്‌സ്പീരിയന്‍സ് ആണ് 'ഐ ആം കാതലന്‍' നല്‍കുന്നതെന്ന് ഒരു പ്രേക്ഷകന്‍ കുറിച്ചു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, പ്രേമലു എന്നീ സിനിമകള്‍ പ്രതീക്ഷിച്ചു പോയാല്‍ ചിലപ്പോള്‍ നിരാശപ്പെട്ടേക്കാമെന്നും എന്നാല്‍ വളരെ വ്യത്യസ്തമായ സിനിമാറ്റിക് എക്‌സ്പീരിയന്‍സ് പ്രേക്ഷകര്‍ക്ക് നല്‍കാന്‍ സംവിധായകനും അണിയറ പ്രവര്‍ത്തകര്‍ക്കും സാധിച്ചിട്ടുണ്ടെന്നും മറ്റു ചില പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. സജിന്‍ ചെറുകയില്‍ ആണ് ഈ സിനിമയുടെ തിരക്കഥ. മുന്‍ സിനിമകളെ പോലെ നസ്ലന്റെ പ്രകടനം മികച്ചതാണെന്നും പ്രേക്ഷകര്‍ പറയുന്നു. നായികയായി എത്തിയിരിക്കുന്ന അനിഷ്മ അനില്‍കുമാറിന്റെ പ്രകടനത്തേയും പ്രേക്ഷകര്‍ പ്രശംസിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :