നിഹാരിക കെ എസ്|
Last Updated:
വെള്ളി, 1 നവംബര്‍ 2024 (10:32 IST)
ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ ദുൽഖർ സൽമാൻ തന്റെ ഇരിപ്പിടം തിരികെ പിടിച്ചിരിക്കുകയാണ്. കൊത്ത എന്ന ചിത്രത്തിന്റെ പരാജയത്തിന് പിന്നാലെ, ദുൽഖർ സൽമാൻ എന്ന നടന് ഒരു തിരിച്ച് വരവ് ഉണ്ടാകുമോ എന്ന് പോലും പലരും സംശയിച്ചു. എന്നാൽ, തന്റെ കഴിവിനെ സംശയത്തിന്റെ നിഴൽ നോക്കിയ എല്ലാവർക്കും 'ലക്കി ഭാസ്കറി'ലൂടെ ദുൽഖർ മറുപടി നൽകിയിരിക്കുകയാണ്. ഒരു വർഷത്തെ ഇടവേളയിൽ താൻ ഒഴിച്ച് വെച്ച തന്റെ ഇരിപ്പിടം തനിക്ക് തന്നെ ഉള്ളതാണെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു.
തുടക്കം തൊട്ട് അവസാനം വരെ നല്ല പോലെ എൻഗേജ് ചെയുന്ന ഒരു കിടിലൻ എന്റർടൈൻമെന്റ്, അതാണ് ലക്കി ഭാസ്‌ക്കർ. 1990കളിൽ ഇന്ത്യൻ ഓഹരി വിപണിയേയും ബാങ്കിംഗ് മേഖലയേയും പിടിച്ചു കുലുക്കിയ ഹർഷദ് മേത്ത ഓഹരി കുംഭകോണത്തെ സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധത്തിൽ സിനിമ പറയുന്നു. സംവിധായകൻ വെങ്കി അറ്റ്‌ലൂരി ദുൽഖറിന് നൽകിയത് ഒരു ഗംഭീര ട്രീറ്റ് തന്നെയാണ്.
ഒരു മിനുട്ടു പോലും ഇഴച്ചിലില്ല. തല്ലും അടിപിടിയും ബഹളവുമില്ലാതെ ഒരു കിടിലൻ ത്രില്ലർ അനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്. ഇന്ത്യയിലെ സാധാരണക്കാരന്റെ ശേഷിയും സാമർഥ്യവും എത്രത്തോളമുണ്ടെന്ന് ഭാസ്കർ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർ തിരിച്ചറിയുന്നു. സാമ്പത്തിക തട്ടിപ്പാണ് നടക്കുന്നതെങ്കിലും ഭാസ്കർ ഒരു തട്ടിപ്പുകാരനാണെന്ന് പുറത്ത് നിന്ന് നോക്കുന്ന ആർക്കും മനസിലാകില്ല. അതാണ് അയാളുടെ കഴിവ്. 1980 ലാണ് കഥ നടക്കുന്നത്. ആ കാലഘട്ടത്തിലെ ബോംബെ നഗരം അതേപടി പകർത്തിവെച്ചിട്ടുണ്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
ഒരു കാലത്തെ അതേപോലെ പുനഃസൃഷ്ടിക്കുന്നു സിനിമ. ഭാസ്‌ക്കർ കുമാറെന്ന ആറായിരം രൂപ ശമ്പളക്കാരനായ ബാങ്ക് ഉഗ്യോഗസ്ഥനെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. ആറായിരം രൂപ ശമ്പളം വാങ്ങുമ്പോൾ മുപ്പതിനായിരം രൂപ ലോണുണ്ടയാൾക്ക് ബാങ്കിൽ. ജീവിതത്തിന്റെ അറ്റത്തെത്തുമ്പോഴെങ്കിലും വിജയിച്ചവന്റെ ചിരി നേടാൻ സ്വപ്നം കാണുന്നവൻ. ഓരോ ഘട്ടത്തിലും തോറ്റു പോകുന്ന സാധാരണ ഇന്ത്യക്കാരൻ മാത്രമാണ് അയാൾ. രണ്ടറ്റം കൂട്ടിമുട്ടിക്കാൻ നടത്തുന്ന പെടാപാടുകൾ. അതാണ് ഭാസ്കറിനെ ചില കടുംകൈകൾ ചെയ്യാൻ പ്രേരിപ്പിക്കുന്നതും.
പണം നമ്മുടെ ജീവിതം എങ്ങനെ മാറ്റി മറിക്കുന്നു എന്ന നേർകാഴ്ച കൂടി ഈ സിനിമ കാണിച്ച് തരുന്നുണ്ട്. ഭാസ്കർ എന്ന കഥാപാത്രം കടന്ന് പോകുന്ന എല്ലാ വൈകാരികതലങ്ങളും പ്രേക്ഷകനിലേക്ക് എത്തിക്കാൻ ദുൽഖറിന് കഴിഞ്ഞു. ദുൽഖറിന്റെ കൈയ്യടക്കത്തോടെയുള്ള കഥാപാത്രം പ്രേക്ഷകനെ തൃപ്തിപ്പെടുത്തും. ഈ വർഷത്തെ ദീപാവലി വിന്നർ ലക്കി ഭാസ്കർ തന്നെ.