Dulquer Salmaan Film Chup Review: പ്രേക്ഷകരെ ഉദ്വേഗമുനയില്‍ നിര്‍ത്തിയ സൈക്കോപാത്ത്; ചുപ് ഗംഭീരം, ഞെട്ടിച്ച് ദുല്‍ഖര്‍ സല്‍മാന്‍

സൈക്കോപാത്തായ സീരിയല്‍ കില്ലറിലേക്ക് മുംബൈ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ അരവിന്ദിന്റെ നേതൃത്വത്തില്‍ പഴുതടച്ച അന്വേഷണമാണ് നടത്തുന്നത്

രേണുക വേണു| Last Modified വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (22:06 IST)
Dulquer Salmaan Film Chup Review:
മുംബൈ നഗരത്തില്‍ നടക്കുന്ന ഒരു സിനിമ നിരൂപകന്റെ കൊലപാതകത്തില്‍ നിന്നാണ് സിനിമ തുടങ്ങുന്നത്. സമാന രീതിയില്‍ നഗരത്തില്‍ പിന്നെയും സിനിമ നിരൂപകര്‍ കൊല്ലപ്പെടുന്നു. അതിക്രൂരവും നിഷ്ഠൂരവുമായാണ് ഈ കൊലകളെല്ലാം നടക്കുന്നത്. ഇതിനു പിന്നില്‍ ഒരു സീരിയല്‍ കില്ലറുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തുന്നു. ഈ സീരിയല്‍ കില്ലറിലേക്കുള്ള അന്വേഷണമാണ് ചുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ് എന്ന സിനിമ.

സൈക്കോപാത്തായ സീരിയല്‍ കില്ലറിലേക്ക് മുംബൈ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ അരവിന്ദിന്റെ നേതൃത്വത്തില്‍ പഴുതടച്ച അന്വേഷണമാണ് നടത്തുന്നത്. എന്നാല്‍ ആര്‍ക്കും പിടികൊടുക്കാതെ ഈ സീരിയല്‍ കില്ലര്‍ ഓരോ കൊലപാതകങ്ങളായി പൂര്‍ത്തിയാക്കുന്നു. ഒടുവില്‍ ഈ കില്ലറെ പൂട്ടാന്‍ ഇരയെ നല്‍കി കാത്തിരിക്കുകയാണ് അന്വേഷണസംഘം. അവിടെയും അന്വേഷണസംഘത്തിന്റെ കണക്കുകൂട്ടലുകളെ തെറ്റിക്കുന്നുണ്ട് കില്ലര്‍. ഒടുവില്‍ കില്ലറിന്റെ ഭൂതകാലത്തെ കുറിച്ച് അറിയുന്നിടത്ത് അയാള്‍ എങ്ങനെ ഇത്ര ക്രൂരനായി എന്ന് വ്യക്തമാക്കുന്നു.

സിനിമയെന്ന മായികലോകത്ത് ജീവിക്കുന്ന, അതിലൂടെ മാത്രം ചിന്തിക്കുന്ന സൈക്കോപാത്ത് കഥാപാത്രമായി ദുല്‍ഖര്‍ സല്‍മാന്‍ ഞെട്ടിക്കുന്ന പ്രകടനമാണ് നടത്തിയിരിക്കുന്നത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ദുല്‍ഖറിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് ! നിമിഷ നേരം കൊണ്ട് വികാരങ്ങള്‍ മാറിമറയുന്ന സൈക്കോപാത്തിനെ ദുല്‍ഖര്‍ തന്റെ കൈയില്‍ ഭദ്രമാക്കി. സണ്ണി ഡിയോളിന്റെ ക്രൈം ബ്രാഞ്ച് മേധാവി വേഷം സിനിമയുടെ ത്രില്ലര്‍ സ്വഭാവത്തിനു ചേരുന്നതായിരുന്നു. ശ്രേയ ധന്വന്തരി, പൂജ ബട്ട് എന്നിവരും മികച്ച പ്രകടനമാണ് നടത്തിയത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :