മാമാങ്കത്തെ തകര്‍ക്കാന്‍ സംഘടിതശ്രമമെന്ന് നിര്‍മ്മാതാവ്, സിനിമ പുറത്തിറക്കാതിരിക്കാന്‍ നീക്കമെന്നും പൊലീസിനു പരാതി

മമ്മൂട്ടി നായകനായ ബിഗ് ബജറ്റ് ചിത്രം മാമാങ്കം തകര്‍ക്കാന്‍ സംഘടിത ശ്രമമമെന്ന് പോലീസില്‍ പരാതി.

തുമ്പി ഏബ്രഹാം| Last Modified വെള്ളി, 22 നവം‌ബര്‍ 2019 (13:47 IST)
മമ്മൂട്ടി നായകനായ ബിഗ് ബജറ്റ് ചിത്രം മാമാങ്കം തകര്‍ക്കാന്‍ സംഘടിത ശ്രമമമെന്ന് പോലീസില്‍ പരാതി. സിനിമയുടെ സഹനിര്‍മ്മാതാവ് ആന്റണി ജോസഫ് ആണ് തിരുവനന്തപുരം റേഞ്ച് ഐജിക്ക് പരാതി നല്‍കിയിരിക്കുന്നത്. സിനിമയെ തകര്‍ക്കാന്‍ ബോധപൂര്‍വ ശ്രമമമാണ് നടക്കുന്നതെന്നും പരാതിയിലുണ്ട് സിനിമ റിലീസ് ചെയ്യും മുമ്പ് മോശമാണെന്ന് റിവ്യൂ എഴുതിയ ഫേസ്ബുക്ക് ഗ്രൂപ്പുകളിലെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പടെയാണ് പോലീസിന് നല്‍കിയിരിക്കുന്നത്.

സിനിമയുടെ ആദ്യ സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന സജീവ് പിള്ളയുടെ പേരെടുത്ത് പറഞ്ഞാണ് പരാതി. സജീവിന് 21.75 ലക്ഷം രൂപാ നല്‍കിയിട്ടുണ്ടെന്നും സജീവ് പിള്ളയുടെ സംവിധാനത്തില്‍ 13 കോടിയോളം നഷ്ടം സംഭവിച്ചെന്നും നിര്‍മ്മാതാവ് ആരോപിക്കുന്നു. നവമാധ്യമങ്ങളിലൂടെ സജീവ് പിള്ളയുടെ നേതൃത്വത്തില്‍ സിനിമയെ തകര്‍ക്കാന്‍ ബോധപൂര്‍വ ശ്രമമമുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.

ആരുടെയെങ്കിലും ക്വട്ടേഷനുകള്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സി ഏറ്റെടുത്തതാണോ എന്ന് സംശയമുണ്ടെന്നും സിനിമയ്ക്ക് എതിരായ പ്രചരണം ഒരേ കേന്ദ്രത്തില്‍ നിന്നാണെന്നും ആന്റണി പരാതിയില്‍ പറയുന്നു. സിനിമ പുറത്തിറക്കാതിരിക്കാനും പരാജയപ്പടുത്താനുമുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും പരാതിയിലുണ്ട്. ഡിസംബര്‍ 12നാണ് മാമാങ്കം റിലീസ് നിശ്ചയിച്ചിരിക്കുന്നത്. കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മാണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :