മ്യാവു വിന്റെ ആദ്യ ടീസര്‍ റിലീസായ ദിവസം ഇബ്രാഹിം പോയി, ഒരു മഹാരോഗത്തിന് ചികിത്സയിലായിരുന്നു, ആ അറബ് മനുഷ്യനെ ഓര്‍ത്ത് ലാല്‍ ജോസ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 9 നവം‌ബര്‍ 2021 (08:59 IST)

ഒരു ചെറിയ ഇടവേളക്ക് ശേഷം വീണ്ടും ദുബായ് പശ്ചാത്തലമാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മ്യാവൂ.ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന്‍ ദസ്തഗീറിന്റെയും ഭാര്യയുടെയും മൂന്ന് മകളുടെയും കഥയാണ് സിനിമ പറയുന്നത്. മംമ്ത മോഹന്‍ദാസും സൗബിനുമാണ് ഈ കഥാപാത്രങ്ങളായി വേഷമിടുന്നത്.50 ദിവസം നീണ്ടുനിന്ന ദുബായിലെ ഷൂട്ടിംഗ് ഉണ്ടായിരുന്നു ടീമിന്. 'മ്യാവൂ' ലെ നായകകഥാപാത്രം ഉപയോഗിക്കുന്ന കാര്‍ മുതല്‍ ലൊക്കേഷനും അവര്‍ക്ക് വേണ്ട ഭക്ഷണവും നല്‍കിയ ഇബ്രാഹീം നമ്രീദ് എന്ന അറബ് മനുഷ്യന്‍ ഉണ്ടായിരുന്നു ടീമിനൊപ്പം. മ്യാവു വിന്റെ ആദ്യ ടീസര്‍ റിലീസ് ആയ ദിവസം ഇബ്രാഹിം ലോകത്തോട് പറഞ്ഞു. തന്റെ പ്രിയ കൂട്ടുകാരനെ ഓര്‍ക്കുകയാണ് ലാല്‍ ജോസ്.

ലാല്‍ ജോസിന്റെ വാക്കുകള്‍

ഇബ്രാഹീം നമ്രീദ് എന്ന അറബ് മനുഷ്യനും
ഞാനും തമ്മില്‍ എന്ത് ?പരിചയപ്പെട്ടു മാസങ്ങള്‍ക്കുള്ളില്‍ മറുലോകത്തേക്ക് മാഞ്ഞു പോയൊരാള്‍ നമ്മളില്‍ എത്ര ബാക്കി വക്കും ? പല ദീര്‍ഘ സൗഹൃദങ്ങളും കൊഴിച്ചിട്ട് പോയതിനെക്കാള്‍ കൂടുതല്‍ ഓര്‍മ്മകള്‍ !

മ്യാവു വിന് ലൊക്കേഷന്‍ തേടി റാസെല്‍ ഖൈമയില്‍ അലയുമ്പോള്‍ യാദൃശ്ചയാ കിട്ടിയ സൗഹൃദമാണ്. അയാള്‍ കാട്ടി തന്ന മനോഹരമായ ഇടങ്ങളിലാണ് മ്യാവു ഷൂട്ട് ചെയ്തത്. അയാളുടെ വണ്ടിയാണ് സൗബിന്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രം ദസ്തക്കീറിന്റെ വണ്ടിയായത്.അയാളുടെ അടുക്കളയില്‍ പാകം ചെയ്ത സ്‌നേഹം പല ദിവസങ്ങളിലും ലൊക്കേഷനില്‍ ഉള്ളവരെയെല്ലാം ഊട്ടി.

എന്നെ കാണുമ്പോഴൊക്കെ വരിഞ്ഞു മുറുക്കും പോലെ കെട്ടിപ്പിടിക്കും. അന്നേ അറിയാമായിരുന്നു. മഹാരോഗത്തിന് ചികിത്സയിലാണെന്ന്. മ്യാവു വിന്റെ ആദ്യ ടീസര്‍ റിലീസ് ആയ ദിവസം ഇബ്രാഹിം പോയി. ഒരു ദൗത്യം കൂടി പൂര്‍ത്തിയാക്കിയിട്ട് എന്ന പോലെ. പ്രിയ സുഹൃത്തേ അറബിക്കടലിന്റെ ഇക്കരയിരുന്ന് ഞാന്‍ നിന്നെ ഓര്‍ക്കുന്നു. ആദരാഞ്ജലികളോടെ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :