aparna shaji|
Last Modified വെള്ളി, 10 മാര്‍ച്ച് 2017 (13:05 IST)
കഴിഞ്ഞ വർഷങ്ങളിൽ നിന്നു വിപരീതമായി ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന് അൽപ്പം മധുരം കൂടുതലാണ്. അവാർഡ് നേടിയ ആൾക്കുമാത്രമല്ല, അത് നൽകിയ ജൂറിയ്ക്കും ഓരോ സിനിമാമോഹിയ്ക്കും. മികച്ച നടനുള്ള അവാർഡ് ലഭിച്ചതിനുശേഷമുള്ള വിനായകന്റെ പ്രതികരണവും തികച്ചും വ്യത്യസ്തമായിരുന്നു.
അവാര്‍ഡ് ലഭിച്ചതിൽ എല്ലാവരും വിളിച്ചഭിനന്ദിച്ചുവെന്ന്
വിനായകൻ പറയുന്നു. അക്കൂട്ടത്തിൽ മോഹൻലാലുമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമുണ്ടായിരുന്നു.
ലാലേട്ടന്‍ വിളിച്ചിരുന്നു. സന്തോഷം തോന്നി. മുഖ്യമന്ത്രിയും വിളിച്ചിരുന്നു. സത്യം പറഞ്ഞാല്‍ മുഖ്യന്‍ വിളിച്ചപ്പോള്‍ ലേശം ഭയം തോന്നി.' - വിനായകൻ പറയുന്നു.
വ്യവസ്ഥിതിക്ക് എതിരായ യുവാക്കളുടെ പ്രതിഷേധമാണ് തനിക്ക് അവാര്‍ഡായി ലഭിച്ചതെന്നും വിനായകൻ പറയുന്നു. ‘സ്വയം നടനാണെന്ന് പറയാനുള്ള അധികാരം എനിക്കില്ല. അത് മനസിലാക്കിയാണ് ഞാന്‍ മീഡിയയില്‍ വരാതിരുന്നത്. അവാര്‍ഡ് കിട്ടിയതിന്റെ സന്തോഷം ഇല്ലെന്നല്ല അതിനര്‍ത്ഥം… അതെല്ലാം ഞാന്‍ അറിഞ്ഞറിഞ്ഞു വരുന്നേയുള്ളൂ…’ എന്നും വിനായന്‍ പറഞ്ഞു. ഇത്രയും കാലം മാധ്യമങ്ങള്‍ക്കു മുന്നില്‍ വരാന്‍ ധൈര്യമുണ്ടായിരുന്നില്ലെന്നും കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ വിനായകന്‍ വ്യക്തമാക്കി.
സംസ്ഥാന അവാര്‍ഡ് ലഭിച്ചതോടെ തന്റെ കഥാപാത്രം മരിച്ചുപോയി എന്നും അവാര്‍ഡ് കിട്ടിയത് എനിക്കാണ്, കഥാപാത്രത്തിനല്ലയെന്ന് പറയുന്ന ആദ്യത്തെ നടന്‍ ഒരുപക്ഷേ വിനായകനായിരിക്കും. അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് “പ്രതീക്ഷിച്ചിരുന്നില്ല, കാരണം വ്യവസ്ഥയില്‍ തനിക്ക് വിശ്വാസമില്ല” എന്ന് വിനായകന്‍ നടത്തിയ പ്രതികരണം ഒരുപക്ഷേ മലയാള സിനിമയ്ക്ക് തന്നെ പുതിയതായിരിക്കും.
ഒന്നിലും വിശ്വാസവും താല്‍പര്യവും ഇല്ലാത്ത ഒരാളാണ് താനെന്നും ഒരു ജനാധിപത്യ രാജ്യത്ത് താന്‍ ഫൈറ്റ് ചെയ്ത് ജീവിക്കുകയാണെന്നുമാണ് അവാര്‍ഡ് നേടിയ ശേഷം വിനായകന്‍ പ്രതികരിച്ചത്.