രേണുക വേണു|
Last Modified ചൊവ്വ, 20 ഡിസംബര്‍ 2022 (15:43 IST)
പ്രമേയംകൊണ്ടും അവതരണ ശൈലികൊണ്ടും വ്യത്യസ്തത പുലര്‍ത്തിയ സിനിമകള്‍ വരെ തിയറ്ററുകളില്‍ വമ്പന്‍ വിജയം നേടിയ വര്‍ഷമാണ് 2022. 170 ഓളം മലയാള സിനിമകള്‍ ഈ വര്‍ഷം റിലീസ് ചെയ്തു. ഇതില്‍ തിയറ്ററുകളില്‍ വമ്പന്‍വിജയം നേടിയ അഞ്ച് സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ഭീഷ്മ പര്‍വ്വവും മമ്മൂട്ടിയുടെ തിരിച്ചുവരവും
ബോക്‌സ്ഓഫീസില്‍ മമ്മൂട്ടിയുടെ തിരിച്ചുവരവ് കണ്ട വര്‍ഷമാണ് 2022. അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വത്തിലൂടെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിക്കൊരു ബ്ലോക്ക്ബസ്റ്റര്‍ ലഭിക്കുന്നത്. 2022 ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ച ചിത്രം ഭീഷ്മ പര്‍വ്വം ആണ്. ചിത്രത്തിന്റെ ആകെ ബിസിനസ് നൂറ് കോടിയിലേറെ ആയിരുന്നു. തിയറ്ററുകളില്‍ നിന്ന് മാത്രം 90 കോടിയിലധികം ചിത്രം കളക്ട് ചെയ്തു. മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് ഭീഷ്മ പര്‍വ്വത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്.
2022 ലെ ആദ്യ സൂപ്പര്‍ഹിറ്റാണ് ഹൃദയം. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്തത്. തിയറ്ററുകളില്‍ നിന്ന് 80 കോടിക്ക് അടുത്താണ് ചിത്രം കളക്ട് ചെയ്തത്. പ്രണവ് മോഹന്‍ലാലിന്റെ ആദ്യ സോളോ ഹിറ്റ് കൂടിയായിരുന്നു ഹൃദയം.
കൈയടി നേടി പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും
പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച ജന ഗണ മനയും പോയ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളില്‍ ഒന്നാണ്. ശക്തമായ രാഷ്ട്രീയമാണ് ചിത്രം സംസാരിച്ചത്. ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്തത്.
സെന്‍സേഷണല്‍ തല്ലുമാല
യുവ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ഓളം സൃഷ്ടിച്ച ചിത്രമാണ് തല്ലുമാല. ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് ഖാലിദ് റഹ്മാന്‍. വേറിട്ട അവതരണശൈലിയാണ് തല്ലുമാലയെ പ്രേക്ഷകര്‍ക്കിടയില്‍ പോപ്പുലറാക്കിയത്. 40 കോടിയിലേറെ ചിത്രം തിയറ്ററുകളില്‍ നിന്ന് കളക്ട് ചെയ്തു.
കുടുംബപ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ആക്ഷേപഹാസ്യം
2022 ല്‍ എല്ലാവിധ പ്രേക്ഷകരേയും പൊട്ടിച്ചിരിപ്പിച്ച ആക്ഷേപഹാസ്യമാണ് ന്നാ താന്‍ കേസ് കൊട്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. സമകാലിക വിഷയങ്ങള്‍ ചിത്രത്തില്‍ പ്രതിപാദിച്ചിരുന്നു. 40 കോടിക്ക് അടുത്താണ് ചിത്രത്തിന്റെ ടോട്ടല്‍ ബിസിനസ്.