രേണുക വേണു|
Last Modified ബുധന്‍, 30 മാര്‍ച്ച് 2022 (10:06 IST)
ബോക്‌സ്ഓഫീസില്‍ മൈക്കിളപ്പയുടെയും പിള്ളേരുടേയും ആറാട്ട് തുടരുന്നു. ഭീഷ്മ പര്‍വ്വത്തിന്റെ വേള്‍ഡ് വൈഡ് ടോട്ടല്‍ ബിസിനസ് എത്രയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു. 115 കോടിയുടെ ടോട്ടല്‍ ബിസിനസാണ് വേള്‍ഡ് വൈഡായി ഭീഷ്മ പര്‍വ്വത്തിനു ഇതുവരെ ലഭിച്ചിരിക്കുന്നത്. കേരളത്തിലും ഇന്ത്യയ്ക്ക് പുറത്ത് ചില സെന്ററുകളിലും ഭീഷ്മ പര്‍വ്വം ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. ഒ.ടി.ടി., സാറ്റലൈറ്റ് അവകാശങ്ങള്‍ അടക്കമാണ് 115 കോടി ബിസിനസ് നടന്നിരിക്കുന്നത്.
റിലീസ് ചെയ്ത് 30 ദിവസങ്ങളോട് അടുത്തിട്ടും ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ ഭീഷ്മ പര്‍വ്വത്തിനു മികച്ച തുകയാണ് ലഭിച്ചത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ഏപ്രില്‍ ഒന്ന് മുതല്‍ ഭീഷ്മ പര്‍വ്വം കാണാന്‍ സാധിക്കുക. സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റാണ് സ്വന്തമാക്കിയത്. സാറ്റലൈറ്റ്, ഒ.ടി.ടി. അവകാശം ഏകദേശം 23 കോടി രൂപയ്ക്കാണ് വിറ്റുപോയത്. തിയറ്ററുകളില്‍ 90 കോടിക്ക് മുകളില്‍ കളക്ഷനും ഭീഷ്മ സ്വന്തമാക്കിയിട്ടുണ്ട്.
മമ്മൂട്ടിയുടെ സ്റ്റാര്‍ഡം നഷ്ടപ്പെട്ടെന്ന് പുച്ഛിച്ചവര്‍ക്കുള്ള മറുപടിയാകുകയാണ് ഭീഷ്മ പര്‍വ്വം. മോഹന്‍ലാലിന് പിന്നാലെ മമ്മൂട്ടിയും നൂറ് കോടി ക്ലബില്‍ ഇടംപിടിച്ചു. നേരത്തെ മോഹന്‍ലാലിന്റെ പുലിമുരുകനും ലൂസിഫറുമാണ് നൂറ് കോടി ക്ലബ് പിന്നിട്ട ചിത്രങ്ങള്‍.