ക്ലൈമാക്‌സിനോട് അടുക്കുമ്പോള്‍ സൂര്യ എത്തും, വിക്രം മൂന്നാം ഭാഗത്തിനു വരെ സാധ്യത; വമ്പന്‍ വെളിപ്പെടുത്തലുമായി കമല്‍ഹാസന്‍

രേണുക വേണു| Last Modified വെള്ളി, 20 മെയ് 2022 (11:07 IST)

വിക്രം സിനിമയില്‍ കമല്‍ഹാസനൊപ്പം സൂര്യയും അഭിനയിക്കുന്നുണ്ടെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ് തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഇതാ വിക്രത്തിലെ സൂര്യയുടെ കഥാപാത്രത്തെ കുറിച്ച് വാചാലനാകുകയാണ് സാക്ഷാല്‍ കമല്‍ഹാസന്‍. ആരാധകരുടെ പ്രതീക്ഷകളെ ഇരട്ടിപ്പിക്കുന്നതാണ് ഉലകനായകന്റെ വെളിപ്പെടുത്തല്‍.

'സിനിമയില്‍ സൂര്യയും അവിശ്വസനീയമായ ലാസ്റ്റ് മിനിറ്റ് അപ്പിയറന്‍സ് നടത്തുന്നുണ്ട്. ഒരുപക്ഷെ ആ കഥാപാത്രമായിരിക്കും സിനിമയെ വിക്രമിന് ശേഷം മുന്നോട്ട് കൊണ്ട് പോകുന്നത്. ഒരുപക്ഷെ മൂന്നാം ഭാഗത്തിലേക്ക്,' കമല്‍ഹാസന്‍ പറഞ്ഞു. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിക്രത്തില്‍ സൂര്യയുടെ കഥാപാത്രം എങ്ങനെയുള്ളതാണെന്നതിനെ കുറിച്ച് സ്‌ക്രീനിമയും നേരത്തെ ഒരു എക്സ്‌ക്ലൂസീവ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ക്ലൈമാക്‌സിനോട് അടുക്കുമ്പോഴാണ് സൂര്യ എത്തുന്നത്. അതും വളരെ മാസ് ആന്റ് ക്ലാസ് സീന്‍ ആയിരിക്കും സൂര്യയുടേത്. എല്ലാവരേയും ഞെട്ടിക്കുന്ന ഗെറ്റപ്പിലായിരിക്കും സൂര്യ ഈ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുകയെന്നും വിക്രം സിനിമയുമായി ഏറ്റവും അടുത്ത വൃത്തങ്ങളില്‍ നിന്ന് വിവരം ലഭിക്കുന്നു. ചെന്നൈയില്‍ വെച്ചാണ് സൂര്യയുടെ ഭാഗം ഷൂട്ട് ചെയ്തത്.

രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മിക്കുന്നത്. ജൂണ്‍ മൂന്നിനാണ് റിലീസ്. വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരെയ്ന്‍, കാളിദാസ് ജയറാം തുടങ്ങിയവരും വിക്രത്തില്‍ അഭിനയിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :