സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 13 ജനുവരി 2024 (08:54 IST)
സ്വന്തം ഭര്‍ത്താവിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട സംഭവത്തില്‍ ബോളിവുഡ് നടി രാഖി സാവന്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി . ഇവരുടെ ഭര്‍ത്താവ് ആദില്‍ ദുറാനി നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. തന്നെ അപമാനിക്കാന്‍ സ്വകാര്യ ദൃശ്യങ്ങള്‍ വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടു എന്നാണ് പരാതിയില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഐടി നിയമപ്രകാരമാണ് രാഖി സാവന്തിനെതിരെ പോലീസ് കേസ് എടുത്തത്. ഇതിനിടെ നടിയെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്നതിനിടെയാണ് മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷ നല്‍കിയത്.
തന്നെ പീഡിപ്പിക്കുകയും വേട്ടയാടുകയും ചെയ്യാനായി കള്ളക്കേസ് ഉണ്ടാക്കിയിരിക്കുകയാണെന്നാണ് ജാമ്യ ഹര്‍ജിയില്‍ നടി പറഞ്ഞത്. എന്നാല്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതോടെയാണ് ജാമ്യഹര്‍ജി തള്ളിയത്. ഏതാനും മാസങ്ങളായി രാഖിയും ആദിലും അകന്നു കഴിയുകയാണ്.